ചിന്നക്കനാലിൽ നിരോധനാജ്ഞ; ദൗത്യം പൂർത്തീകരിക്കും വരെ നിരോധനാജ്ഞ തുടരും

അരിക്കൊമ്പൻ ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ചിന്നക്കനാലിലെ മുഴുവൻ വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശാന്തൻപാറയിലെ ഒന്ന് മുതൽ മൂന്ന് വരെ വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ നാല് മണി മുതൽ ദൗത്യം പൂർത്തിയാകും വരെയാണ് നിരോധനാജ്ഞ. ( 144 declared in chinnakanal )
അതേസമയം, ദൗത്യസംഘം അരിക്കൊമ്പനുള്ള സ്ഥലത്തേക്ക് പുറപ്പെട്ടുകഴിഞ്ഞു. ദൗത്യമേഖലയായ സിമന്റ് പാലത്തിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്. കുങ്കി ആനകളെ സിമന്റ് പാലത്ത് എത്തിച്ചിട്ടുണ്ട്. ചീഫ് വെറ്റിനറി സർജൻ ഡോ.അരുൺ സഖറിയ ഉൾപ്പെടെ നാല് ഡോക്ടേഴ്‌സിന്റെ സംഘമാണ് മയക്കുവെടി വയ്ക്കുന്ന സംഘത്തിലുള്ളത്.
അരിക്കൊമ്പൻ ദൗത്യം നിർണായക മണിക്കൂറിലേക്ക് കടന്നിരിക്കുകയാണ്. ഏഴ് മണിയോടെ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനാണ് നീക്കം. ഒരു കൂട്ടം ആനകൾക്കിടയിലാണ് അരിക്കൊമ്പൻ കാട്ടാന നിൽക്കുന്നത്. ഇതിൽ മദപ്പാടുള്ള ആനകളുമുണ്ടെന്നാണ് റിപ്പോർട്ട്. അരിക്കൊമ്പന് മയക്കുവെടി കൊണ്ടു കഴിഞ്ഞാൽ ഒരുകൂട്ടം ആനകളുള്ളതിനാൽ അവ ചിതറിയോടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. മയക്കുവെടി കൊണ്ടുകഴിഞ്ഞാൽ അഞ്ച് കി.മി ആന നിർത്താതെ ഓടാനും സാധ്യതയുണ്ട്.
മയക്കുവെടിവച്ച ശേഷം അരിക്കൊമ്പന് ജിപിഎസ് കോളർ ഘടിപ്പിക്കും. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാനാണ് നീക്കം. പിന്നാലെ പൊലീസ്, കെഎസ്ഇബി, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സഹായത്തോടെ കാട്ടാനയെ മാറ്റും.
എന്നാൽ അരിക്കൊമ്പനെ പിടികൂടിയ ശേഷം എങ്ങോട്ട് മാറ്റും എന്ന് വനംവകുപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജനവാസമേഖലയിലേക്കല്ല ഉൾക്കാട്ടിലേക്കാണ് അരിക്കൊമ്പനെ മാറ്റുകയെന്ന് ഡിഎഫ്ഒ രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: 144 declared in chinnakanal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here