Advertisement

സിനിമ പറയുന്നത് പച്ചക്കള്ളം; ‘ദ കേരള സ്റ്റോറി’ക്ക് പ്രദർശനാനുമതി നൽകരുതെന്ന് വി.ഡി സതീശൻ

April 28, 2023
Google News 2 minutes Read
V D Satheesan

‘ദ കേരള സ്റ്റോറി’ക്ക് പ്രദർശനാനുമതി നൽകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിനിമ പറയുന്നത് പച്ചക്കള്ളം, ആവിഷ്കാര സ്വാതന്ത്ര്യം അല്ല ന്യൂനപക്ഷങ്ങളെ സംശയ നിഴലിലാക്കാനുള്ള സംഘപരിവാർ അജണ്ടയാണിതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്.

സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംവിധായകന്‍ സുദിപ്‌തോ സെന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്. രാജ്യാന്തരതലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. മതസ്പര്‍ധയും ശത്രുതയും വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും. അതാണ് ഈ നാടിന്റെ പാരമ്പര്യം.

മനുഷ്യനെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്റെ അടിവേര് വെട്ടണം. മാനവികത എന്ന വാക്കിന്റെ അര്‍ത്ഥം സംഘ പരിവാറിന് ഒരിക്കലും മനസിലാകില്ല. വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതുകയും വേണ്ട.

Story Highlights: ‘The Kerala Story’ should be banned, V D Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here