സൈബർ സുരക്ഷാ മേഖലയിൽ കേരളത്തിലെ സ്റ്റാർട്ട്അപ്പിന് അന്താരാഷ്ട്ര അംഗീകാരം

കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പിന് സൈബർ സുരക്ഷ മേഖലയിലെ അന്താരാഷ്ട്ര അംഗീകാരം. കൊച്ചിയിൽ പ്രവർത്തിക്കുന്ന ടെക് ബൈ ഹാർട്ടാണ് ഇന്ത്യയിൽ സൈബർ സുരക്ഷ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്റ്റാർട്ടപ്പിനുള്ള ഈ വർഷത്തെ ഗ്ലോബൽ ഇൻസ്പിരേഷൻ അവാർഡിന് അർഹരായത്. ലോകോത്തര സന്നദ്ധ സംഘടനകളായ വേൾഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനും ട്രൈഡന്റ് കമ്മ്യൂണിക്കേഷനും ചേർന്ന് നൽകുന്ന പുരസ്‌കാരം ഈ മേഖലയിലെ പ്രധാന ബഹുമതികളിലൊന്നാണ്. ഈ അംഗീകാരം ലഭിക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യ സ്ഥാപനം കൂടിയാണ് ടെക് ബൈ ഹാർട്ട്. കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ സജാദ് ചെമ്മുക്കൻ പുരസ്‌കാരം ഏറ്റുവാങ്ങി. ( kerala start up TechByHeart bag international award )
പുതിയ കാലഘട്ടത്തിലെ പ്രധാന തൊഴിൽ മേഖലകളിലൊന്നായി കണക്കാക്കപ്പെടുന്ന സൈബർ സെക്യൂരിറ്റിയുടെ അനന്ത സാധ്യതകൾ വിദ്യാർത്ഥികളിലേക്കെത്തിച്ച സ്ഥാപനം കൂടിയാണ് ടെക് ബൈ ഹാർട്ട്. സൈബർ സെക്യൂരിറ്റി, സൈബർ ഫോറൻസിക്, എത്തിക്കൽ ഹാക്കിംഗ്, വെബ്‌സൈറ്റ് പ്രൊട്ടക്ഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയിൽ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ആവശ്യമായ ബോധവൽക്കരണവും പരിശീലനവും നൽകിയായിരുന്നു ശ്രദ്ധ നേടിയത്. ഇതിനോടകം നൂറു കണക്കിന് ബോധവൽക്കരണ പരിപാടികളും ക്യാമ്പയിനുകളുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ നാല് വർഷമായി ഈ മേഖലയിൽ നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അന്താരാഷ്ട്ര അംഗീകാര നേട്ടത്തിലേക്ക് വഴി തുറന്നത്.
സൈബർ സുരക്ഷ പരിശീലനം നൽകുന്നതിനായി രാജ്യത്തെ ഏറ്റവുമധികം കോളജുകളും സർവ്വകലാശാലകളുമായി ധാരണ പത്രം ഒപ്പിട്ട സ്ഥാപനം എന്ന ബഹുമതിയും ടെക് ബൈ ഹാർട്ടിനുണ്ട്. കേരളത്തിലും കർണാകയിലുമായി നൂറിലധികം കോളേജുകളും, തമിഴ് നാട്ടിലെനാൽപതോളം കോളേജുകളും, ആന്ധ്രാപ്രദേശിലെ ഇരുപതോളം കോളേജുകളുമാണ് സേവനം തേടിയിട്ടുള്ളത്.
നിലവിൽ സ്ഥാപനത്തിന്റെ ചെയർമാനായ ശ്രീനാഥ് ഗോപിനാഥും സി.ഇ.ഓ സജാദ് ചെമ്മുക്കനും ചേർന്ന് 2018 ൽ സ്റ്റാർട്ടപ്പായി ആരംഭിച്ച സംരംഭം വളരെ പെട്ടെന്നായിരുന്നു പടർന്ന് പന്തലിച്ചത്. കൊച്ചിക്ക് പുറമേ സംസ്ഥാനത്തിനകത്തും പുറത്തുമായുള്ള അഞ്ച് ഓഫീസുകളിലും ദുബായിലെ ഓഫീസിലുമായി 50ലധികം പേരാണ് ജോലി ചെയ്യുന്നത്.
ഇന്റർനെറ്റില്ലാത്ത ഒരു നിമിഷം ആലോചിക്കാൻ പോലും കഴിയാത്ത ഇക്കാലത്ത് സൈബറിടങ്ങളിലെ സുരക്ഷക്ക് വലിയ പ്രാധാന്യമാണുള്ളത്. അതേസമയം ബഹുഭൂരിഭാഗം പേർക്കും ഇതു സംബന്ധിച്ച് വലിയ ധാരണയില്ല. ഇക്കാര്യം മനസ്സിലാക്കി ബിസിനസ് എന്നതിലുപരി സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ബോധവൽക്കരണ പ്രവർത്തനങ്ങളിലേക്കും പരിശീലന ക്ലാസുകളിലേക്കും നയിച്ചത്. ഇത് പുരസ്‌കാര നേട്ടത്തിന് കാരണമായതിൽ ഏറെ സന്തോഷമുണ്ടെന്ന് ശ്രീനാഥും സജാദും പറഞ്ഞു.
Story Highlights: kerala start up TechByHeart bag international award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here