പണക്കാരൻ്റെ മകളെ വിവാഹം കഴിക്കാൻ ഐഎഎസുകാരനായി ആൾമാറാട്ടം; 27കാരൻ പിടിയിൽ

പണക്കാരൻ്റെ മകളെ വിവാഹം കഴിക്കാൻ ഐഎഎസുകാരനായി ആൾമാറാട്ടം നടത്തിയ 27 വയസുകാരൻ പിടിയിൽ. ഭൂവുടമയുടെ മകളെ വിവാഹം കഴിക്കാനാണ് സിവിൽ സർവീസ് പരീക്ഷ പാസായി എന്ന് അവകാശപ്പെട്ട് യുവാവ് ആൾമാറാട്ടം നടത്തിയത്. ഭൂവുടമയിൽ നിന്ന് ഇയാൾ പലതവണയായി 2.75 ലക്ഷം രൂപ തട്ടിയെടുത്തു.
രാജസ്ഥാനിലെ ധോല്പൂർ ജില്ലയിലാണ് സംഭവം. സുർജിത് സിങ് ജാദവ് എന്നയാളാണ് തനിക്ക് ഐഎഎസ് റാങ്ക് കിട്ടിയെന്ന് അവകാശവാദമുയർത്തിയത്. പിന്നീട് ഭൂവുടമയ്ക്ക് ഈ അവകാശവാദങ്ങളിൽ സംശയം തോന്നുകയും സർട്ടിഫിക്കറ്റുകൾ പരിശോധിക്കുകയും ചെയ്തു. ഇതേ തുടർന്ന് കള്ളം പുറത്താവുകയായിരുന്നു. ഭൂവുടമയുടെ മകളെ കല്യാണം കഴിക്കുന്നതിന് വേണ്ടിയാണ് ഇയാൾ കള്ളക്കഥ മെനഞ്ഞുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാൾ ഭൂവുടമയുടെ വീട്ടിൽ വാടകക്കാരനായി താമസിക്കുകയാണ്. ഇതിനിടെ താൻ ഐഎഎസ് റാങ്കുകാരനാണെന്ന് ഇയാൾ ഭൂവുടമയെ തെറ്റിദ്ധരിപ്പിച്ചു. ഇതിനായി വ്യാജ സർട്ടിഫിക്കറ്റുകളും ഇയാൾ ഉണ്ടാക്കി. തുടർന്ന്, മകളെ വിവാഹം ചെയ്തുതരാമോ എന്ന് ഇയാൾ ഭൂവുടമയോട് ചോദിച്ചു. ഭൂവുടമ ഇത് സമ്മതിക്കുകയും ചെയ്തു. പിന്നീട് പല തവണകളായി സുർജിത് സിംഗ് ഭൂവുടമയിൽ നിന്ന് 2.75 ലക്ഷം രൂപ കൈക്കലാക്കി. അടുത്തിടെ, ജാദവിൻ്റെ അവകാശവാദങ്ങളിൽ സംശയം തോന്നിയ ഭൂവുടമ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുകയും അവ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇയാൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ആൾമാറാട്ടം, വഞ്ചന എന്നി കുറ്റങ്ങൾ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.
Story Highlights: man arrested posing ias marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here