അടിച്ചുമാറ്റൽ ആരോപണം തെളിഞ്ഞാൽ സംഗീതരംഗം വിടുമെന്ന് എഡ് ഷീരൻ

‘തിങ്കിങ്ങ് ഔട്ട് ലൗഡ്’ എന്ന തൻ്റെ പാട്ടിനെതിരെ ഉയർന്ന കോപ്പിയടി ആരോപണം തെളിഞ്ഞാൽ സംഗീതരംഗം വിടുമെന്ന് സംഗീതജ്ഞൻ എഡ് ഷീരൻ.1973ൽ എഡ് ടൗൺസെൻഡും മാർവിൻ ഗയെയും ചേർന്ന് പുറത്തിറക്കിയ ‘ലെറ്റ്സ് ഗെറ്റ് ഇറ്റ് ഓൺ’ എന്ന ക്ലാസിക് പാട്ടിൻ്റെ കോപ്പിയടിയാണ് ഇതെന്നാണ് എഡ് ഷീരനെതിരെ ഉയർന്ന പരാതി. ഈ പരാതി തെളിഞ്ഞാൽ താൻ സംഗീത രംഗം വിടുമെന്ന് 32കാരനായ ഷീരൻ പറഞ്ഞു. ബിർമിംഗ്ഹം ലൈവ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
2003ൽ അന്തരിച്ച എഡ് ടൗൺസെൻഡിൻ്റെ മകൾ കാത്റിൻ ടൗൺസെൻഡ് ഗ്രിഫിൻ ആണ് എഡ് ഷീരനെതിരെ പരാതി നൽകിയത്. 2014ൽ പുറത്തിറക്കിയ ‘തിങ്കിങ്ങ് ഔട്ട് ലൗഡ്’ എന്ന പാട്ട് ലെറ്റ്സ് ഗെറ്റ് ഇറ്റ് ഓൺ’ എന്ന പാട്ടിൻ്റെ സംഗീതം അടിച്ചുമാറ്റിയതാണെന്ന് പരാതിയിൽ പറയുന്നു. ഇത് പകർപ്പവകാശ ലംഘനമാണെന്നും പരാതിയിൽ ആരോപണമുണ്ട്. 100 മില്ല്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇവർ പരാതി നൽകിയിരിക്കുന്നത്.
എന്നാൽ, ആരോപണങ്ങളെ എഡ് ഷീരൻ തള്ളി. വലിയ അപമാനിക്കലാണ് ഇതെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. തെറ്റുകാരനാണെന്ന് ജൂറി കണ്ടെത്തിയാൽ താൻ സംഗീതരംഗം വിടുമെന്ന് ഷീരൻ വ്യക്തമാക്കി. ‘അങ്ങനെ സംഭവിച്ചാൽ, കഴിഞ്ഞു. ഞാൻ എല്ലാം നിർത്തും. ജീവിതം മുഴുവൻ ഒരു കലാകാരനും ഗാനരചയിതാവുമായി സമർപ്പിച്ചതാണ്. അത് ആരെങ്കിലും വിലയിടിച്ചുകാണിക്കുന്നത് അപമാനകരമായി ഞാൻ കാണുന്നു.”- അദ്ദേഹം പറഞ്ഞു.
Story Highlights: Ed Sheeran Plagiarism Quit Music Guilty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here