Advertisement

തനിക്ക് കിട്ടിയ മാൻ ഓഫ് ദി മാച്ച് കോലിക്ക് സമർപ്പിച്ച ഗംഭീർ; വ്യക്തിവിദ്വേഷത്തിനു മുൻപുണ്ടായിരുന്ന സൗഹൃദത്തിൻ്റെ മുഖം: വിഡിയോ

May 2, 2023
7 minutes Read
gambhir kohli 2009 friendship

കഴിഞ്ഞ ദിവസം ലക്നൗ സൂപ്പർ ജയൻ്റ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനു ശേഷം ആർസിബി താരം വിരാട് കോലിയും ലക്നൗ ഉപദേശകനും മുൻ ദേശീയ താരവുമായ ഗൗതം ഗംഭീറും തമ്മിൽ നടന്ന വാക്കുതർക്കമാണ് നിലവിലെ ചർച്ച. ചിന്നസ്വാമിയിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ലക്നൗ വിജയിച്ചപ്പോൾ ഗംഭീർ നടത്തിയ പ്രതികരണത്തിന് ഇന്നലെ കോലി നൽകിയ മറുപടിയും അതിനോടനുബന്ധിച്ചുണ്ടായ വാക്കുതർക്കവും സോഷ്യൽ മീഡിയ ചൂടേറിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. സിംഹഭാഗവും കോലിയെ പിന്തുണയ്ക്കുമ്പോൾ ഗംഭീറിനും പിന്തുണ ലഭിക്കുന്നുണ്ട്. എന്നാൽ, പരസ്പര വ്യക്തിവിദ്വേഷത്തിൻ്റെ കാലത്തിനു മുൻപ് ഇരുവരും തമ്മിൽ ഊഷ്‌മളമായ സൗഹൃദത്തിൻ്റെ ഒരു കാലമുണ്ടായിരുന്നു. (gambhir kohli 2009 friendship)

2009 ലാണ് സംഭവം. 2009 ഡിസംബർ 24ന് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ മത്സരം നടക്കുന്നു. 316 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് സച്ചിനെയും (8) സെവാഗിനെയും (10) വേഗം നഷ്ടമായി. 2 വിക്കറ്റ് നഷ്ടത്തിൽ 23 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റിൽ ഗൗതം ഗംഭീറും വിരാട് കോലിയും ചേർന്ന 224 റൺസിൻ്റെ മാസ്‌മരിക കൂട്ടുകെട്ട് അവിശ്വസനീയ വിജയം സമ്മാനിച്ചു. 49ആം ഓവറിൽ വെറും 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ കളി വിജയിക്കുമ്പോൾ 137 പന്തിൽ 150 റൺസ് നേടി ഗംഭീർ പുറത്താവാതെ നിന്നു. 114 പന്തിൽ 107 റൺസ് നേടി കോലി പുറത്തായി. കോലിയുടെ ആദ്യ രാജ്യാന്തര സെഞ്ചുറി.

Read Also: ഐപിഎൽ മത്സരത്തിനിടെ വാക്കുതര്‍ക്കം; കോലിക്കും ഗംഭീറിനും പിഴ

കളി കഴിഞ്ഞു. ഗംഭീറിന് മാൻ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചു. എന്നാൽ, ഗംഭീർ ആ പുരസ്കാരം കോലിക്ക് സമ്മാനിച്ചു. കോലിക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന ആദ്യ അംഗീകാരങ്ങളിൽ പെട്ട ഒന്നായിരുന്നു ഇത്. ഇത്തരത്തിൽ വളരെ ആരോഗ്യകരമായ ബന്ധമുണ്ടായിരുന്നവരാണ് കോലിയും ഗംഭീറും.

2013 ഐപിഎലിലാണ് ഇരുവരും തമ്മിൽ ആദ്യ ഉരസലുണ്ടാവുന്നത്. അന്ന് കൊൽക്കത്തയുടെ ക്യാപ്റ്റനായ ഗംഭീർ ആർസിബിയുടെ ക്യാപ്റ്റനായ കോലിയുമായി വാക്കുതർക്കമുണ്ടായി. ഇരുവരും അന്ന് പരസ്പരം തള്ളുകയുണ്ടായി. 2016 ഐപിഎലിലിലും ഇരുവരും തമ്മിൽ ഏറ്റുമുട്ടി. കൊൽക്കത്ത 9 വിക്കറ്റിനു തോറ്റ മത്സരത്തിൻ്റെ 19ആം ഓവറിൽ നോൺ സ്ട്രൈക്കർ എൻഡിൽ നിൽക്കുകയായിരുന്ന കോലിയുടെ നേർക്ക് ഗംഭീർ പന്തെറിയുകയായിരുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. കളിയിൽ പുറത്താവാതെ 51 പന്തിൽ 75 റൺസ് നേടിയ കോലിയായിരുന്നു മാൻ ഓഫ് ദി മാച്ച്.

Story Highlights: gautam gambhir virat kohli man of the match 2009 friendship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top