ഹൈബ്രിഡ് മോഡലിനും അനുമതിയില്ല; ഏഷ്യാ കപ്പ് പാകിസ്താനിൽ നിന്ന് മാറ്റിയെന്ന് റിപ്പോർട്ട്

ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് പാകിസ്താനിൽ നിന്ന് മാറ്റിയെന്ന് റിപ്പോർട്ട്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവച്ച ഹൈബ്രിഡ് മോഡനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗീകാരം നൽകിയില്ല. ഇതോടെയാണ് പാകിസ്താനിൽ നിന്ന് ഏഷ്യാ കപ്പ് മാറ്റിവച്ചത് എന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെപ്തംബർ 2 മുതൽ 17 വരെയാണ് ഏഷ്യാ കപ്പ്. (asia cup moved pakistan)
പാകിസ്താനിൽ നിന്ന് മാറ്റിയ ഏഷ്യ കപ്പ് ശ്രീലങ്കയിൽ വച്ച് നടത്തുമെന്നാണ് റിപ്പോർട്ട്. യുഎഇയും പരിഗണനയിലുണ്ടായിരുന്നെങ്കിലും സെപ്തംബറിലെ നനവുള്ള അന്തരീക്ഷത്തിൽ താരങ്ങൾക്ക് പരുക്കേൽക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഏഷ്യാ കപ്പ് വേദിയായി ശ്രീലങ്കയെ പരിഗണിക്കുന്നത്. വേദി മാറ്റുമെങ്കിൽ ടൂർണമെൻ്റിൽ നിന്ന് പാകിസ്താൻ പിന്മാറാനുള്ള സാധ്യത ഏറെയാണ്.
Read Also: യുഎഇയെ തകർത്ത് നേപ്പാൾ; ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ട ഗ്രൂപ്പിൽ കളിക്കും
പാകിസ്താനിലേക്ക് ഇന്ത്യ യാത്ര ചെയ്യില്ലെന്ന് ബിസിസിഐ തീരുമാനമെടുത്ത പശ്ചാത്തലത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ മറ്റേതെങ്കിലും രാജ്യത്തുവച്ച് നടത്താമെന്നായിരുന്നു പിസിബിയുടെ നിലപാട്. എന്നാൽ, ഇതിനെ അംഗരാജ്യങ്ങൾ എതിർത്തു. വിഷയത്തിൽ ശ്രീലങ്ക തുടക്കം മുതൽ ബിസിസിഐയ്ക്കൊപ്പമായിരുന്നു എന്നും ഇപ്പോൾ ബംഗ്ലാദേശും ബിസിസിഐക്കൊപ്പമാണ് എന്നും എസിസി അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഹൈബ്രിഡ് മോഡലിലെ സാങ്കേതിക ബുദ്ധിമുട്ടുകളാണ് പ്രധാനമായും എസിസി മുന്നോട്ടുവെക്കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് എസിസി ചെയർമാൻ.
ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പിലാണ്. എ ഗ്രൂപ്പിൽ ഇന്ത്യയ്ക്കും പാകിസ്താനുമൊപ്പം നേപ്പാൾ ആണ് ഉൾപ്പെട്ടിരിക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യം സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന രണ്ട് ടീം സൂപ്പർ 4ലേക്കും സൂപ്പർ ഫോറിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ ഫൈനലിലേക്കും മുന്നേറും. ആകെ 13 മത്സരങ്ങൾ ടൂർണമെൻ്റിലുണ്ടാവും. ഏകദിന ടൂർണമെൻ്റാണ് ഇക്കൊല്ലം നടക്കുക. ശ്രീലങ്കയാണ് നിലവിലെ ജേതാക്കൾ.
അഞ്ച് രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു ടൂർണമെൻ്റിന് ബിസിസിഐ തയ്യാറെടുക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഏഷ്യാ കപ്പ് നടക്കേണ്ട അതേ സമയത്താവും ഈ ടൂർണമെൻ്റ് നടക്കുക. ഇത്തരത്തിൽ ഒരു പുതിയ ടൂർണമെൻ്റ് ആരംഭിച്ച് ഏഷ്യാ കപ്പ് നിർത്തലാക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം എന്നാണ് റിപ്പോർട്ടുകൾ.
Story Highlights: asia cup moved out pakistan srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here