യുഎഇയെ തകർത്ത് നേപ്പാൾ; ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ട ഗ്രൂപ്പിൽ കളിക്കും

ഏഷ്യാ കപ്പിലെ അവസാന സ്ഥാനം ഉറപ്പിച്ച് നേപ്പാൾ. ഇന്നലെ കാഠ്മണ്ഡുവിൽ നടന്ന എസിസി മെൻസ് പ്രീമിയർ കപ്പ് ഫൈനലിൽ യുഎഇയെ ഏഴ് വിക്കറ്റിനു തകർത്താണ് നേപ്പാൾ ഏഷ്യാ കപ്പിലേക്ക് യോഗ്യത നേടിയത്. ചരിത്രത്തിൽ ആദ്യമായാണ് നേപ്പാൾ ഏഷ്യാ കപ്പിനു യോഗ്യത നേടുന്നത്. യുഎഇയെ 117 റൺസിനു പുറത്താക്കിയ നേപ്പാൾ 30.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിച്ചു. (nepal uae asia cup)
ആദ്യം ബാറ്റ് ചെയ്ത യുഎഇയ്ക്കായി 46 റൺസ് നേടിയ ആസിഫ് ഖാൻ ടോപ്പ് സ്കോററായി. ആസിഫ് ഉൾപ്പെടെ ആകെ അഞ്ച് പേർ മാത്രമാണ് യുഎഇ നിരയിൽ ഇരട്ടയക്കം കടന്നത്. 7.1 ഓവറിൽ വെറും 14 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ലളിത് രാജ്ബൻഷിയാണ് യുഎഇ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. മറുപടി ബാറ്റിംഗിൽ 17 വയസുകാരനായ ഗുൽഷൻ ഝായുടെ ഇന്നിംഗ്സ് ആണ് നേപ്പാളിന് ജയം സമ്മാനിച്ചത്. ബാറ്റിംഗ് നിരയിൽ സ്ഥാനക്കയറ്റം കിട്ടിയ താരം 67 റൺസ് നേടി പുറത്താവാതെ നിന്നു. 36 റൺസ് നേടിയ ഭിം ശർകിയും നോട്ടൗട്ടാണ്. 3 വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് എന്ന നിലയിൽ പതറിയ നേപ്പാളിനെ അപരാജിതമായ 96 റൺസിൻ്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഗുൽഷൻ ഝായും ഭിം ശർകിയും വിജയിപ്പിക്കുകയായിരുന്നു.
Read Also: ഇന്ത്യയുടെ മത്സരങ്ങൾ പുറത്തുവച്ച് നടത്തുന്നതിനോടും ബിസിസിഐയ്ക്ക് യോജിപ്പില്ല; ഏഷ്യാ കപ്പ് റദ്ദാക്കിയേക്കും
അതേസമയം, ഏഷ്യാ കപ്പിൻ്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഏഷ്യാ കപ്പ് റദ്ദാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ മത്സരങ്ങൾ വേരെ ഏതെങ്കിലും രാജ്യത്തുവച്ച് നടത്താമെന്ന പിസിബിയുടെ തീരുമാനത്തോട് ബിസിസിഐക്ക് യോജിപ്പില്ലാത്തതിനെ തുടർന്നാണ് ഏഷ്യാ കപ്പ് റദ്ദാക്കാനുള്ള ആലോചനകൾ ആരംഭിച്ചതെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. ഇക്കൊല്ലം സെപ്തംബറിലാണ് ഏഷ്യാ കപ്പ് തീരുമാനിച്ചിരുന്നത്.
ഇന്ത്യയുടെ മത്സരങ്ങൾ പുറത്തുവച്ച് നടത്തുന്ന ഹൈബ്രിഡ് മോഡലിൽ ഏഷ്യാ കപ്പ് നടത്താം എന്നതിലുറച്ചു നിൽക്കുകയാണ് പിസിബി. പൂർണമായി വേദി മാറ്റുന്നതിനോട് പിസിബിയ്ക്ക് യോജിപ്പില്ല. ഇത് 2025 ചാമ്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ടും പിസിബിയ്ക്ക് തിരിച്ചടിയാവുമെന്നാണ് കരുതപ്പെടുന്നത്. 2025ൽ പാകിസ്താനാണ് ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയർ.
Story Highlights: nepal won uae asia cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here