മത്സ്യബന്ധനബോട്ട് രൂപം മാറ്റിയതെന്ന് ആരോപണം; രൂപമാറ്റം നടത്തിയത് ലൈസൻസില്ലാത്ത യാർഡിൽ

താനൂരിൽ അപകടത്തിൽപെട്ട ബോട്ട്, മൽസ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിച്ചെന്ന് ആരോപണം. രൂപമാറ്റം നടത്തിയത് പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ച്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതായും സൂചന. മീൻപിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്.
ബോട്ടിന് ഫിറ്റ്നസ് നൽകുമ്പോൾ രൂപരേഖയുൾപ്പെടെ നിർമാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നിരിക്കെയാണ് പോർട്ട് സർവേയറുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതെന്നാണ് വിവരം.
രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിരുന്നില്ല. ഇതിനു മുൻപാണ് ബോട്ട് സർവീസിനിറങ്ങിയതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇന്നലെ രക്ഷാപ്രവർത്തനത്തിനിറങ്ങിയവരും സമാന മേഖലയിലുള്ളവരുമാണ് ഗുരുതര ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്.
Read Also: താനൂർ ബോട്ട് അപകടം: പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു
ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വിദോസഞ്ചാരത്തിനു വേണ്ട ഫിറ്റനസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. അതേസമയം താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിദോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. പരുക്കേറ്റ 9 പേർ ചികിത്സയിലാണ്. ഇതിൽ നാലുപേരുടെ അതീവ ഗുരുതരാവസ്ഥയിലാണ്. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കും.
Story Highlights: Tanur Boat Accident, Fishing boat converted to travel boat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here