പ്ലേഓഫ് ഉറപ്പിക്കാൻ സഞ്ജുവിൻ്റെ രാജസ്ഥാൻ; എതിരാളികൾ ആർസിബി

ഐപിഎൽ 2023ലെ അറുപതാം മത്സരത്തിൽ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. പ്ലേ ഓഫിലെത്താൻ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. ഈ സീസണിൽ ഇരു ടീമുകളുടെയും രണ്ടാം മത്സരമാണിത്. നേരത്തെ ഐപിഎൽ 2023ലെ 32-ാം മത്സരത്തിൽ ആർസിബി 7 റൺസിന് ആർആറിനെ പരാജയപ്പെടുത്തിയിരുന്നു. ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ വൈകിട്ട് 3.30നാണ് മത്സരം.
രാജസ്ഥാൻ റോയൽസിന്റെ ബാറ്റിംഗ് ഓർഡർ മികച്ച ഫോമിലാണ്. യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ എന്നിവർക്കൊപ്പം മുന്നിൽ നിന്ന് പടനയിക്കാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ കൂടി ചേരുന്നതോടെ മുൻനിര ശക്തം. മധ്യനിരയിൽ കൊടുങ്കാറ്റായി ഷിംറോൺ ഹെറ്റ്മയറുമുണ്ട്. ബൗളിംഗിൽ യുസ്വേന്ദ്ര ചാഹലിന്റെ സ്പിൻ മാന്ത്രികത കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ടു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി ആകെ 8 വിക്കറ്റുകളാണ് ചാഹൽ വീഴ്ത്തിയത്. കൂട്ടായി ട്രെന്റ് ബോൾട്ടും സന്ദീപ് ശർമ്മയും.
അതേസമയം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബൗളർമാരുടെ പ്രകടനം കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ നിരാശാജനകമാണ്. മുംബൈ ഇന്ത്യൻസിനെതിരായ അവസാന മത്സരത്തിൽ 200 റൺസ് വിജയലക്ഷ്യം പ്രതിരോധിക്കുന്നതിൽ ആർസിബി ബൗളർമാർ പരാജയപ്പെട്ടു. ഫാസ്റ്റ് ബൗളർമാരാണ് ടീമിന്റെ തലവേദന. സ്പിൻ ഡിപ്പാർട്ട്‌മെന്റിൽ കഴിഞ്ഞ സീസണിലെ പ്രകടനം ഈ വർഷം ഇതുവരെ ആവർത്തിക്കാൻ വനിന്ദു ഹസരംഗയ്ക്ക് കഴിഞ്ഞിട്ടില്ല.
എന്നിരുന്നാലും, ബാറ്റിംഗിൽ വിരാട് കോലിയുടെയും ഫാഫ് ഡുപ്ലെസിയും ഗ്ലെൻ മാക്‌സ്‌വെല്ലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. നിലവിൽ 12 മത്സരങ്ങളിൽ ആറെണ്ണം ജയിച്ച രാജസ്ഥാൻ അത്രതന്നെ തോൽവിയും ഏറ്റുവാങ്ങി, 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. അതേസമയം 11 മത്സരങ്ങളിൽ 5 ജയവും 6 തോൽവിയുമാണ് ബംഗളൂരുവിന്. 10 പോയിന്റുമായി അവർ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തും. പ്ലേ ഓഫിലെത്താൻ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്.
Story Highlights: RR vs RCB
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here