തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തം; വിഷമദ്യം നിർമിച്ചയാളും മെഥനോൾ നൽകിയയാളും അറസ്റ്റിൽ
തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ വിഷമദ്യം നിർമിച്ചയാൾ പിടിയിൽ. ചിറ്റമൂർ സ്വദേശി വിജയകുമാറാണ് പിടിയിലായത്. സംഭവശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. വ്യാജമദ്യ നിർമാണത്തിനായി മെഥനോൾ വിതരണം ചെയ്ത ചെന്നൈ സ്വദേശി ഇളയനമ്പിയെയും പിടികൂടി. 1000 ലിറ്റർ മെത്തനോൾ നൽകിയെന്നാണ് ഇയാളുടെ മൊഴി. മധുരവയൽ കെമിക്കൽ പ്ളാൻ്റ് നടത്തുകയാണ് ഇളയനമ്പി.
ഇയാളുടെ സഹായികളായ നാലുപേരും അറസ്റ്റിലായി. മെത്തനോൾ വാങ്ങിയത് പുതുച്ചേരിയിലെ ഏഴുമലൈ എന്നയാളിൽ നിന്നാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 22 ആയി. ചെങ്കൽപേട്ടിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 22ൽ എത്തിയത്. ചെങ്കൽപേട്ടിലെ ചിത്താമൂർ സ്വദേശി മുത്തുവാണ് മരിച്ചത്. ഇന്ന് ചെങ്കൽപേട്ടിലും വിഴിപ്പുരത്തുമായി നാലു പേരാണ് മരിച്ചത്. 35 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
ചെങ്കൽപേട്ടിൽ മരിച്ചത് തമ്പി, ശങ്കർ എന്നിവരാണ്. വിഴിപ്പുരത്ത് ശരവണൻ എന്നയാൾ മരിച്ചു. അപകടവുമായി ബന്ധപ്പെട്ട് 2466 കേസുകൾ രജിസ്റ്റർ ചെയ്തു. 2461 പേർ അറസ്റ്റിലായിട്ടുണ്ട്. 21,611 ലീറ്റർ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചു. 17,031 കുപ്പി വിദേശമദ്യവും പിടികൂടി. വ്യാജമദ്യവും ഗുട്കയും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തതിനാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. മരക്കാനം ഇൻസ്‌പെക്ടർ അരുൾ വടിവഴകൻ, സബ് ഇൻസ്‌പെക്ടർ ദീബൻ, കോട്ടക്കുപ്പം പ്രൊഹിബിഷൻ എൻഫോഴ്‌സ്‌മെന്റ് വിങ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മരിയ സോഫി മഞ്ജുള, സബ് ഇൻസ്‌പെക്ടർ ശിവഗുരുനാഥൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
മദ്യപാനം മൂലം സംസ്ഥാനത്ത് നടക്കുന്ന മരണങ്ങളിൽ ദുഃഖമുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സംഭവത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് 50,000 രൂപയും നൽകാനും അദ്ദേഹം ഉത്തരവിട്ടു.
Story Highlights: Fake liquor tragedy in Tamil Nadu Vijayakumar arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here