കോലിയുടെ വിളയാട്ടത്തിൽ സൺറൈസേഴ്സിന് സൂര്യാസ്തമയം, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 8 വിക്കറ്റ് ജയം

കിംഗ് കോലിയുടെ കരുത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഐപിഎല്ലിൽ പ്ലേ ഓഫിലേക്ക് ഒരു പടി കൂടി അടുത്തു. നിർണായക മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 8 വിക്കറ്റ് ജയം. വിരാട് കോലിയുടെ സെഞ്ച്വറിയും ഡുപ്ലെസിയുടെ ബാറ്റിംഗ് മികവുമാണ് ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്.
ടോസ് നേടിയ ആർസിബി ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സൺറൈസേഴ്സ് ഹൈദരബാദ് ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ആർസിബി മറികടന്നു. ഓപ്പണിംഗ് കൂട്ടുകെട്ടിൽ 172 റൺസ് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും കിംഗ് കോലിയും ചേർന്ന് കൂട്ടിചേർത്തിരുന്നു. 62 പന്തിൽ നിന്നുമാണ് വിരാട് കോലി സെഞ്ച്വറി പൂർത്തിയാക്കിയത്. നീണ്ട നാല് വർഷങ്ങൾക്ക് ശേഷമുള്ള കോലിയുടെ ഐപിഎൽ സെഞ്ച്വറിയാണിത്.
47 പന്തുകളിൽ 71 റൺസായിരുന്നു ഡുപ്ലെസിയുടെ സമ്പാദ്യം. നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരബാദ് 51 പന്തിൽ 104 റൺസ് നേടിയ ഹെയ്ൻറിച്ച് ക്ലാസൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഈ വിജയത്തോടെ ബാംഗ്ലൂർ പ്ലേയോഫിനോട് കൂടുതൽ അടുത്തിട്ടുണ്ട്. അടുത്ത മത്സരത്തിൽ കൂടി വിജയം കണ്ടെത്താൻ സാധിച്ചാൽ ബാംഗ്ലൂരിന് പ്ലേയോഫിൽ സ്ഥാനമുറപ്പിക്കാൻ ആവും.
Story Highlights: Kohli’s 100 sends Royal Challengers Bangalore to 4th position in points table
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here