യുവേഫ യൂറോപ്പ ലീഗ്: റോമയും സെവിയ്യയും ഫൈനലിൽ; ഫൈനൽ ജൂൺ 1ന്

യുവേഫ യൂറോപ്പ ലീഗിൽ ഇറ്റാലിയൻ ക്ലബ് എഎസ് റോമയും സ്പാനിഷ് ക്ലബ് സെവിയ്യയും ഫൈനലിലേക്ക്. ഇന്ന് പുലർച്ചെ നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ മത്സരത്തിൽ യഥാക്രമം ജർമൻ ക്ലബ് ബയേർ ലെവർകൂസനെയും ഇറ്റാലിയൻ ക്ലബ് യുവന്റസിനെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനലിലേക്ക് യോഗ്യത നേടിയത്. യൂറോപ്പ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും അധികം ട്രോഫികൾ നേടിയിട്ടുള്ള സെവിയ്യ ഏഴാമത്തെ കിരീടമാണ് ലക്ഷ്യമിടുന്നത്. ‘ദി സ്പെഷ്യൽ വൺ’ എന്നറിയപ്പെടുന്ന ജോസെ മൗറിഞ്ഞോക്ക് കീഴിൽ കഴിഞ്ഞ വർഷം യുവേഫ കോൺഫെറൻസ് നേടിയ റോമക്ക് തങ്ങളുടെ തുടർച്ചയായ രണ്ടാം യൂറോപ്യൻ കിരീടമാണ് മുന്നിൽ. AS Roma vs Sevilla to Battle for UEFA Europa League Title
സെമി ഫൈനലിന്റെ ആദ്യ പകുതിയിൽ നേടിയ ഒരു ഗോളിന്റെ ലീഡ് നിലനിർത്താനായിരുന്നു എഎസ് റോമാ ശ്രമിച്ചത്. മത്സരത്തിൽ 28% പന്തവകാശം മാത്രം സൂക്ഷിച്ച റോമാ മത്സരത്തിൽ ആകെ തൊടുത്തത് ഒരു ഷോട്ട്. പ്രതിരോധത്തിൽ ഊന്നി കളിച്ച ടീം ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും തൊടുത്തില്ല. ക്ലീയറൻസുകളും ഇന്റർസെപ്ഷനുകളുമായി പ്രതിരോധ – മധ്യ നിരയും സേവുകളുമായി ഗോൾകീപ്പർ റൂയി പാട്രിഷിയൊയും തിളങ്ങിയപ്പോൾ ലെവർകൂസന് മുന്നിൽ ഉയർന്നത് റോമയുടെ പ്രതിരോധ മതിൽ. ഗോൾരഹിതമായി അവസാനിച്ച മത്സരത്തിൽ ഇരു പാദങ്ങളിലെയും പ്രകടനത്തിൽ റോമയുടെ വിജയം ആദ്യ പാദത്തിൽ സ്വന്തം മൈതാനത്ത് നേടിയ ഏക ഗോളിൽ.
Read Also: മാഡ്രിഡിനും തടയാനായില്ല!! മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
എന്നാൽ, തികച്ചും വിപരീതമായിരുന്നു രണ്ടാം സെമി ഫൈനൽ. ആദ്യ പാദത്തിൽ ഓരോ ഗോളുകളുമായി സെവിയ്യയും യുവന്റസും സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടാം പാദത്തിൽ സെവിയ്യയുടെ ഹോം മൈതാനത്ത് നടന്ന മത്സരം ആവേശപൂരിതമായിരുന്നു. ഗോൾ രഹിതമായി അവസാനിച്ച ആദ്യ പകുതി ശേഷം മോറിസ് കീനിനു പകരക്കാരനായി എത്തിയ സ്‌ട്രൈക്കർ ദുസാൻ വ്ലാക്കോവിച്ച് 65 – ആം മിനുട്ടിൽ യുവന്റസിനായി ഗോൾ നേടി. എന്നാൽ, ആ ഗോളിന്റെ ആവേശം അടങ്ങും മുൻപ് 75 – ആം മിനുട്ടിൽ യുവന്റസ് ഗോൾ വഴങ്ങി. സ്പാനിഷ് വിങ്ങർ സുസോയാണ് സെവിയ്യക്ക് വേണ്ടി സമനില ഗോൾ നേടിയത്. പിന്നീട് 90 മിനുട്ടിൽ സമനിലയിൽ കുരുങ്ങിയ മത്സരം അവസാനിച്ച മത്സരം അധിക സമയത്തേക്ക് കടന്നു. അധിക സമയത്ത് എറിക്ക് ലമേലയുടെ ഗോൾ സെവിയ്യക്ക് മറ്റൊരു ഫൈനലിലേക്കുള്ള വഴി തുറന്നു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ ജൂൺ 1നാണ് യൂറോപ്പ ലീഗിന്റെ ഫൈനൽ അരങ്ങേറുക.
Story Highlights: AS Roma vs Sevilla to Battle for UEFA Europa League Title
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here