ഹിരോഷിമയിൽ നാൽപ്പത്തി ഒൻപതാമത് G7 ഉച്ചകോടിക്ക് ഇന്ന് തുടക്കം; നരേന്ദ്രമോദി പങ്കെടുക്കും

ലോകത്തെ ഏറ്റവും ശക്തരായ എഴ് ജനാധിപത്യരാജ്യങ്ങൾ പങ്കെടുക്കുന്ന ജി ഏഴ് ഉച്ചകോടിക്ക് ജപ്പാനിലെ ഹിരോഷിമ ഒരുങ്ങി. നാൽപ്പത്തി ഒൻപതാമത് ജി7 ഉച്ചകോടി നാളെ തുടക്കമാകും. ജി7 അംഗങ്ങളല്ലാത്ത ചൈനയുടെയും റഷ്യയുടെയും സാന്നിധ്യമായിരിക്കും ഇത്തവണ ഉച്ചകോടിയിലെ ശ്രദ്ധാകേന്ദ്രമാകുക. മൂന്ന് ദിവസം നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. വേദിയിൽ സുരക്ഷ ശക്തമാക്കി. G7 Summit 2023 Begins in Hiroshima today
ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോകനേതാക്കൾ എത്തി. ജപ്പാനിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ സന്ദർശനം മറീൻ കോപ്സ് എയർ സ്റ്റേഷനിലായിരുന്നു. എയർ സ്റ്റേഷനിൽ എത്തിയ ബൈഡൻ അമേരിക്കൻ സൈനികരെ അഭിവാദ്യം ചെയ്തു. തുടർന്ന് ഹിരോഷിമയിലെത്തി പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി. ഒരുമിച്ച് നിൽക്കുന്നത് ഇരു രാജ്യങ്ങളേയും കൂടുതൽ ശക്തരാക്കുന്നെന്ന് ബൈഡൻ പറഞ്ഞു.
1945-ൽ രണ്ടാം ലോക മഹായുദ്ധക്കാലത്ത് അമേരിക്ക അണു ബോംബ് വർഷിച്ച ഹിരോഷിമയാണ് ജി7 വേദി എന്നത് ഉച്ചകോടിയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. അംഗരാജ്യങ്ങളായ ജപ്പാൻ, കാനഡ, ഇറ്റലി, ഫ്രാൻസ്, ജർമനി, ബ്രിട്ടൺ, അമേരിക്ക എന്നിവയ്ക്ക് പുറമെ ഇന്ത്യ, വിയറ്റ്നാം, ഒസ്ട്രേലിയ, ബ്രസീൽ, ഇന്തൊനീഷ്യ, ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും ക്ഷണമുണ്ട്. ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുടെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുക.
Read Also: അറബ് ഉച്ചകോടി: സിറിയൻ പ്രസിഡൻറ് ബശാർ അൽ അസദ് സൗദിയിൽ
റഷ്യയുടെ യുക്രൈൻ അധിനിവേശം, ചൈന ഉയർത്തുന്ന വെല്ലുവിളികൾ എന്നിവ പ്രധാന ചർച്ചാ വിഷയമാകും. യുക്രൈനിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ഫോർമുലയും ചർച്ചയാകും. ആഗോളതലത്തിൽ സാമ്പത്തിക – വ്യാപാരരംഗത്ത് ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങളും ചർച്ചാവിഷയമാകും. അമേരിക്കയും ബ്രിട്ടണും ഉൾപ്പെടെയുള്ള അംഗരാജ്യങ്ങൾക്ക് ചൈനയുമായി വ്യാപാരബന്ധങ്ങളുണ്ട്. സിഡ്നിയിൽ നടക്കാനിരുന്ന ക്വാഡ് നേതാക്കളുടെ കൂടിക്കാഴ്ച റദ്ദാക്കിയ സാഹചര്യത്തിൽ ജപ്പാനിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായും ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.
Story Highlights: G7 Summit 2023 Begins in Hiroshima today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here