അറബ് ഉച്ചകോടി: സിറിയൻ പ്രസിഡൻറ് ബശാർ അൽ അസദ് സൗദിയിൽ

സൗദി ജിദ്ദയിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡൻറ് ബശാർ അൽ അസദ് സൗദിയിലെത്തി. 2010-നു ശേഷം ആദ്യമായാണ് സിറിയ അറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ജിദ്ദയിൽ അറബ് ഉച്ചകോടിയിൽ സിറിയൻ സംഘത്തെ ബാശാർ അൽ അസദ് നയിക്കും. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അറബ് ഉച്ചകോടിയിൽ സംബന്ധിക്കാൻ സിറിയക്ക് ക്ഷണം ലഭിക്കുന്നത്. Syria’s Assad arrives Saudi to attend Arab League summit
അറബ് മേഖലയിൽ സമാധാനത്തിൻറെ പുത്തൻ പ്രതീക്ഷകൾ നൽകിക്കൊണ്ടാണ് സിറിയൻ പ്രസിഡൻറ് ബശാർ അൽ അസദ് ജിദ്ദയിൽ വിമാനമിറങ്ങിയത്. ആഭ്യന്തര സംഘർഷത്തോടുള്ള പ്രസിഡൻറിന്റെ സമീപനത്തിൽ പ്രതിഷേധിച്ച് 2011-ലാണ് സിറിയയെ അറബ് ലീഗിൽ നിന്നു പുറത്താക്കിയത്. മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് അറബ് രാജ്യങ്ങൾ കൈക്കൊണ്ട പുതിയ നയങ്ങളുടെ ഭാഗമായി മെയ് എട്ടിന് സിറിയക്ക് വീണ്ടും അറബ് ലീഗിൽ അംഗത്വം നൽകുകയായിരുന്നു. ഒരു ദശാബ്ദത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാർച്ച് 23-നാണ് നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനും എംബസികൾ വീണ്ടും തുറക്കാനും സൗദിയും സിറിയയും തീരുമാനിച്ചത്.
2018-ൽ യുഎഇ സിറിയയുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുകയും അറബ് ലീഗിൽ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ സിറിയയിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്നു നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ സജീവമായി. 2010-ൽ ലിബിയയിൽ നടന്ന അറബ് ഉച്ചകോടിക്ക് ശേഷം ഇപ്പോഴാണ് സിറിയ ഉച്ചകോടിക്ക് എത്തുന്നത്.
Story Highlights: Syria’s Assad arrives Saudi to attend Arab League summit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here