ഫുട്ബോൾ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ തിക്കും തിരക്കും; 12 പേർ മരിച്ചു

മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോറിന്റെ തലസ്ഥാനമായ സാൻ സാൽവഡോറിലെ ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. ഒരു പ്രാദേശിക ഫുട്ബോൾ ടൂർണമെന്റിനിടെയാണ് സംഭവം. 90 പേർക്ക് അപകടത്തിൽ പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് മത്സരം താൽക്കാലികമായി നിർത്തിവച്ചു.
കസ്‌കറ്റ്‌ലാൻ സ്റ്റേഡിയത്തിൽ പ്രാദേശിക ടീമായ അലിയാൻസയും സാന്താ അന ആസ്ഥാനമായുള്ള ടീം എഫ്‌എഎസും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. പ്രാദേശിക ടൂർണമെന്റ് കാണാൻ ഫുട്ബോൾ ആരാധകർ ഒത്തുകൂടിയത്തോടെ സ്റ്റേഡിയത്തിൽ തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു. പ്രവേശന ഗേറ്റുകൾ അടച്ചതിന് ശേഷവും നിരവധി ആരാധകർ വേദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ദുരന്തമുണ്ടായതെന്നാണ് റിപ്പോർട്ട്.
സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തിലെ ബാരിക്കേഡുകൾ തകർക്കാൻ ആരാധകർ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. മരിച്ചവരിൽ ഏഴ് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. 18 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റവാളികൾ ആരായാലും അവർ ശിക്ഷിക്കപ്പെടുമെന്ന് പ്രസിഡന്റ് ബുകെലെ പറഞ്ഞു.
Story Highlights: El Salvador stadium crush leaves at least twelve dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here