‘സ്വന്തമായി വീടില്ല, തമിഴ്നാട്ടിൽ വീട് വയ്ക്കണം’; ഒന്നാം സമ്മാന ജേതാവ് ട്വന്റിഫോറിനോട്

ഉപജീവനത്തിനായി കേരളത്തിൽ വന്ന് തന്നെ പോറ്റിയ നാട്ടിൽ നിന്ന് തന്നെ ഭാഗ്യം ലഭിച്ചതിന്റെ അമ്പരപ്പിലാണ് ചിന്നദുരൈ എന്ന ടാങ്കർ ലോറി ഡ്രൈവർ. നിർമൽ ഭാഗ്യക്കുറിയിലൂടെ തമിഴ്നാട് പാപനാശം സ്വദേശിയായ ചിന്നദുരൈയെ തേടി 70 ലക്ഷം രൂപയുടെ സമ്മാനമാണ് എത്തിയിരിക്കുന്നത്. ( nirmal lottery winner chinna durai interview )
കഴിഞ്ഞ പത്ത് വർഷമായി അമ്പലമുകളിൽ ഗ്യാസ് ടാങ്കർ ലോറി ഓടിക്കുന്ന വ്യക്തിയാണ് ചിന്നദുരൈ. തമിഴ്നാട്ടിൽ ഭാര്യയും രണ്ട് മക്കളും അമ്മയും അടങ്ങുന്നതാണ് ചിന്നദുരൈയുടെ കുടുംബം. ലോട്ടറി അടിച്ച പണം കൊണ്ട് സ്വന്തമായി വീട് വയ്ക്കണമെന്നാണ് ചിന്ന ദുരൈയുടെ ആഗ്രഹം. ഇത്ര വർഷമായിട്ടും വീടെന്ന സ്വപ്നം ചിന്നദുരൈക്ക് അന്യമായിരുന്നു. ആ ആഗ്രഹം നിറവേറ്റണമെന്ന് ചിന്നദുരൈ ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. രണ്ട് മക്കളും ബിരുദ വിദ്യാർത്ഥികളാണ്. ഇവരുടെ ഉപരിപഠനത്തിനും പണം വിനിയോഗിക്കണമെന്ന് ചിന്നദുരൈ പറഞ്ഞു. തനിക്ക് വേണ്ടി എന്ത് ചെയ്യുമെന്ന ട്വന്റിഫോർ പ്രതിനിധിയുടെ ചോദ്യത്തോട് നിഷ്കളങ്കമായി ചിരിച്ച് ‘കുടുംബത്തുകാകെ വാഴ്ന്തിട്ടിറുക്ക്, ഇത് താൻ ആസൈ’- എന്ന് പറഞ്ഞു.
കഴിഞ്ഞ ദിവസം ചിന്നദുരൈ എന്ന തമിഴ്നാട് സ്വദേശി കരിമുകളിലെ ലോട്ടറി വിൽപനക്കാരനെ വിളിച്ച് തനിക്ക് എട്ട് ലോട്ടറി കടമായി എടുത്തുവയ്ക്കാൻ പറയുകയായിരുന്നു. അതിലൊരു ടിക്കറ്റിനാണ് നിലവിൽ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. അമ്പലമുകളിലെ ടാങ്കർ ഡ്രൈവറാണ് ചിന്നദുരൈ. ചിന്നദുരൈ സ്ഥിരമായി ലോട്ടറി എടുക്കാറുള്ള വ്യക്തിയാണെന്ന് ലോട്ടറി സെന്റർ ഉടമ പറഞ്ഞു. ആയിരം രൂപയ്ക്കും അഞ്ഞൂറ് രൂപയ്ക്കുമൊക്കെയാണ് ചിന്നദുരൈ ലോട്ടറി എടുക്കാറുള്ളത്. ലോട്ടറി ഫലം വന്നപ്പോൾ ചിന്നദുരൈയ്ക്കായി മാറ്റിവച്ച ലോട്ടറിക്കായിരുന്നു ഒന്നാം സമ്മാനം. ഇക്കാര്യം ചിന്നദുരൈയെ ആദ്യം വിളിച്ച് പറഞ്ഞപ്പോൾ വിശ്വസിച്ചിരുന്നില്ല. പിന്നെ ഫലത്തിന്റെ ചിത്രമെടുത്ത് അയച്ചപ്പോഴാണ് വിശ്വസിച്ചത്.
Story Highlights: nirmal lottery winner chinna durai interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here