Advertisement

മാൻസ മൂസ; ലോകത്ത് ഇതുവരെ ജീവിച്ചവരിൽ ഏറ്റവും സമ്പന്നൻ; ഇലോൺ മസ്‌കിന്റെ ആസ്തി അടുത്ത് പോലും എത്തില്ല

May 22, 2023
2 minutes Read
Mansa Musa The Richest Man Who Have Ever Lived

ഇന്ന് ലോകത്ത് ഏറ്റവും സമ്പന്നനായ വ്യക്തി സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കാണ്. 192 ബില്യണാണ് മസ്‌കിന്റെ ആസ്തി. എന്നാൽ ലോകത്ത് ഇന്നുവരെ ജീവിച്ചരിൽ ഏറ്റവും സമ്പന്നനായ വ്യക്തി ആരെന്ന് അറിയുമോ ? അത് മസ്‌കല്ല, മൂസയാണ്. ആഫ്രിക്കൻ രാജാവായ മൻസ മൂസയാണ് ലോകം ഇന്നുവരെ കണ്ട ഏറ്റവും വലിയ സമ്പന്നൻ ! ( Mansa Musa The Richest Man Who Have Ever Lived )

ആരാണ് മൻസ മൂസ ?

1280 ൽ ജനിച്ച മൂസ മാലി രാജ്യത്തെ സുൽത്താനായിരുന്നു. പ്രാദേശിക ഭാഷയായ മന്ദിങ്കയിൽ സുൽത്താനെ മൻസ എന്നാണ് വിളിക്കുന്നത്. 1312 ലാണ് മൂസ രാജാവായി അധികാരത്തിലേറുന്നത്. 25 വർഷം നീണ്ടുനിന്ന മൻസ മൂസയുടെ ഭരണകാലം മാലിയുടെ പ്രതാപകാലമായിരുന്നു. ഇന്നത്തെ സെനഗൽ, ബുർകിന ഫാസോ, നൈഗർ, ഗിനിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലേക്ക് മൻസ മൂസയുടെ സാമ്രാജ്യം പടർന്ന് കിടന്നിരുന്നു.

പ്രദേശത്തെ സ്വർണ ഖനികളും ഉപ്പുമെല്ലാമാണ് മൻസ മൂസയെ സമ്പന്നനാക്കിയത്. ഇന്നത്തെ 400 ബില്യണോളം ആസ്തി മൻസ മൂസയ്ക്കുണ്ടാകുമെന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്.

പ്രശസ്തമായ ജിംഗർബർ പള്ളി മൂസയുടെ കാലത്താണ് പണികഴിപ്പിച്ചത്. ഒപ്പം രാജ്യത്ത് വിവിധ സർവകലാശാലകളും സ്‌കൂളുകളും പണി കഴിപ്പിച്ചിരുന്നു. അവയെല്ലാം ഇന്നും കാണാൻ കഴിയും.

പ്രശസ്തമായ ഹജ്ജ് യാത്ര

മൻസ മൂസയുടെ ഹജ്ജ് യാത്ര പ്രശസ്തമാണ്. സഞ്ചാരിയും പണ്ഡിതനുമായ ഇബ്‌ന് ബത്തൂത്ത 1352ലെ മൻസ മൂസയുടെ ഹജ്ജ് തീർത്ഥാടനത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. രജസദസിലെ 8,000 അംഗങ്ങൾ, 12,000 സേവകർ, 100 ലോഡ് സ്വർണം പേറുന്ന ഒട്ടകങ്ങൾ എന്നിങ്ങനെ വലിയ അകമ്പടിയോടെയായിരുന്ന മൻസ മൂസയുടെ ഹജ്ജ് യാത്ര.

മൂസയുടെ പതനം

മൻസ മൂസ ദാനധർമങ്ങളിൽ വിശ്വസിക്കുന്ന വ്യക്തിയായിരുന്നു. അത് തന്നെയാണ് സ്വന്തം പതനത്തിലേക്കും വഴിവച്ചത്. സഹായം ചോദിച്ച് വരുന്നവർക്കെല്ലാം മൻസ മൂസ സ്വർണം ദാനം ചെയ്യുമായിരുന്നു. അങ്ങനെ രാജ്യത്തെ സ്വർണവില ഇടിയുകയും സമ്പദ്ഘടന താറുമാറാവുകയും ചെയ്തു.

Story Highlights: Mansa Musa The Richest Man Who Have Ever Lived

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top