‘മുസ്ലീങ്ങൾക്ക് വാടകയ്ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നത്’; കഥാകൃത്ത് ഷാജി കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

ഇസ്ലാം മതവിശ്വാസികൾക്ക് വാടകയ്ക്ക് വീട് ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് കഥാകൃത്ത് പി.വി ഷാജി കുമാർ. ഷാജിയെന്ന തന്റെ പേര് ഇസ്ലാം മതവിശ്വാസിയുടേതാണെന്ന് തെറ്റിദ്ധരിച്ച് പല വീട്ടുടമകളും തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഷാജി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മുൻപ് രണ്ട് വട്ടം വീട് നോക്കാൻ പോയപ്പോൾ സമാന അനുഭവമുണ്ടായെന്നും ഷാജി കുറിച്ചു. ( muslims wont be given house for rent says writer shaji kumar )
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം :
ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാൻ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയിൽ പോയി.
ബ്രോക്കർ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തിൽ നിൽക്കുന്ന ഒറ്റനിലവീട്. വീടിന് മുന്നിൽ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തിൽ പടമായിട്ടുണ്ട്. മുറികൾ നോക്കുമ്പോൾ ബ്രോക്കർ ചോദിക്കുന്നു.
”പേരേന്താ..?”
”ഷാജി”
അയാളുടെ മുഖം ചുളിയുന്നു.
”മുസ്ലീമാണോ..?”
ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കുന്നു.
”ഒന്നും വിചാരിക്കരുത് , മുസ്ലീങ്ങൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നത്..”
”ഓ… ഓണർ എന്ത് ചെയ്യുന്നു..”
”ഇൻഫോപാർക്കിൽ.. കമ്പ്യൂട്ടർ എഞ്ചിനിയറാ..”
”ബെസ്റ്റ്..”
ഞാൻ സ്വയം പറഞ്ഞു.
ഇപ്പോഴും അയാൾ എന്റെ മതമറിയാൻ കാത്തുനിൽക്കുകയാണ്.
ഷാജിയെന്നത് സർവ്വമതസമ്മതമുള്ള പേരാണല്ലോ..
മുമ്പും രണ്ട് വട്ടം വീട് നോക്കാൻ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസിൽ നിന്ന് കളഞ്ഞതാണ്…
”എനിക്ക് വീട് വേണ്ട ചേട്ടാ…”
ഞാൻ ഇറങ്ങുന്നു.
ചുമരിലെ പാവം യേശു എന്നോട് പറയുന്നു.
‘ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു…’
Story Highlights: muslims wont be given house for rent says writer shaji kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here