ഹവന-പൂജ, തമിഴ്‌നാട്ടിൽ നിന്ന് 20 സന്യാസിമാർ; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന പരിപാടികൾ

രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടന ചടങ്ങിന് ഇനി രണ്ടു ദിവസം മാത്രം. ചടങ്ങിനായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. പ്രൗഢഗംഭീരമായ ചടങ്ങിന് പ്രത്യേകം ക്ഷണിക്കപ്പെട്ട സന്യാസി സമൂഹവും സാക്ഷ്യം വഹിക്കും.
മെയ് 28 ന് രാവിലെ 7.30ന് പാർലമെന്റ് വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്‌ക്കു സമീപം യജ്ഞത്തോടെയാണ് ആദ്യഘട്ടം. തുടർന്ന് ഹവനവും പൂജകളും നടക്കും. പ്രധാനമന്ത്രി മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കർ, മന്ത്രിമാർ എന്നിവർ ഈ പൂജയിൽ പങ്കെടുക്കും. തുടർന്ന്, അധികാരത്തിന്റെയും നീതിയുടെയും കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോൽ ലോക്സഭയ്‌ക്കുള്ളിൽ സ്ഥാപിക്കും. രാവിലെ 9.00ന് പ്രാർത്ഥനാ സമ്മേളനം നടക്കും. ശങ്കരാചാര്യമഠത്തിലെ സ്വാമിമാരും, നിരവധി വേദപണ്ഡിതന്മാരും സന്യാസിമാരും വിവിധ മതങ്ങളിലെ പണ്ഡിതന്മാരും പുരോഹിതന്മാരും ഈ പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുക്കും. ചടങ്ങിന്റെ രണ്ടാം ഘട്ടം 12 മണി മുതൽ ആരംഭിക്കും.
Read Also: 75 രൂപ നാണയം പുറത്തിറക്കുന്നു; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്യും
രണ്ടാം ഘട്ടത്തിൽ ഔപചാരികമായ ഉദ്ഘാടനത്തിനുള്ള നടപടികൾ ദേശീയഗാനത്തോടെ ആരംഭിക്കും. രണ്ട് ഹ്രസ്വചിത്രങ്ങളും ഈ അവസരത്തിൽ പ്രദർശിപ്പിക്കും. ഉപരാഷ്‌ട്രപതിയുടെയും രാഷ്‌ട്രപതിയുടെയും സന്ദേശം രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കർ വായിക്കും. അതിനുശേഷം ലോക്‌സഭാ സ്പീക്കർ ഓം ബിർളയും പ്രസംഗിക്കും. നാണയങ്ങളും സ്റ്റാമ്പുകളും ഈ അവസരത്തിൽ പ്രകാശനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെയാകും പരിപാടി അവസാനിക്കുക .
Story Highlights: Full schedule of new Parliament building inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here