‘പാര്‍ലമെന്റാണ് പരമോന്നതം; അതിന് മുകളില്‍ ഒന്നുമില്ല’; ജുഡീഷ്യറിക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍

ജുഡീഷ്യറിക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. പാര്‍ലമെന്റാണ് പരമോന്നതമെന്നും ഭരണഘടന എന്തായിരിക്കുമെന്ന് തീരുമാനിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരിക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയില്‍ വച്ച് നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഒരു പ്രധാനമന്ത്രിയോട് 1977ല്‍ കണക്ക് ചോദിക്കപ്പെട്ടു. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട, ഭരണഘടന ജനങ്ങള്‍ക്കായുള്ളതാണ്, അതിനെ സംരക്ഷിക്കാനുള്ള ചുമതലയും അവര്‍ക്കാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഭരണഘടനയുടെ ഉള്ളടക്കം എന്തായിരിക്കുമെന്ന് തീരുമാനിക്കാനുള്ള ആത്യന്തികമായ അധികാരമുള്ളവര്‍ – അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന് മുകളിലുള്ള ഒരു അതോറിറ്റിയെ കുറിച്ചുമുള്ള വിവരണം ഭരണഘടനയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതി ഒരേ വിഷയത്തില്‍ പരസ്പര വിരുദ്ധമായ നിരീക്ഷണങ്ങള്‍ നടത്തിയതായി ഉദാഹരണ സഹിതം അദ്ദേഹം വിവരിക്കുന്നുണ്ട്. 1975ല്‍ അന്നത്തെ പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഇടപെടാന്‍ സുപ്രീംകോടതി തയാറായില്ല. അടിയന്തരാവസ്ഥകാലത്ത് മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടപ്പോള്‍, അതിന് അനുകൂലമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഭരണഘടനയുടെ ആമുഖം സംബന്ധിച്ചും വ്യത്യസ്തമായ വിധികളാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത് – അദ്ദേഹം വ്യക്തമാക്കി. ഗോരക്നാഥ് കേസില്‍ ആമുഖം ഭരണഘടനയുടെ ഭാഗമല്ലെന്നാണ് സുപ്രീംകോടതി വിധിച്ചത്. എന്നാല്‍ കേശവാനന്ദഭാരതി കേസില്‍ ഭരണഘടനയുടെ ഭാഗമാണ് ആമുഖമെന്നാണ് കോടതി പ്രസ്താവിച്ചത് എന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
Story Highlights : Parliament is supreme: Jagdeep Dhankhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here