പകല്‍ 11 മണിക്ക് ശേഷം ഭക്ഷണം നല്‍കിയില്ല, മോശം താമസസൗകര്യം, ഡല്‍ഹിയില്‍ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം; ഐആര്‍സിടിസി ടൂറിസം പദ്ധതി തങ്ങളെ ദുരിതത്തിലാക്കിയെന്ന് മലയാളി യാത്രക്കാര്‍

ഐആര്‍സിടിസിയുടെ ടൂറിസം പദ്ധതിയായ ഭാരത് ഗൗരവ് പാക്കേജില്‍ യാത്രചെയ്യുന്ന മലയാളികള്‍ ദുരിതത്തില്‍. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന ശേഷമാണ് 700 ഓളം യാത്രക്കാര്‍ക്കായി ട്രെയിന്‍ എത്തിയത്. പകല്‍ 11 മണിക്ക് ശേഷം ഭക്ഷണം പോലും ലഭിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി. (Malayali passengers against IRCTC tour package)
സമയത്ത് ഭക്ഷണവും താമസ സൗകര്യവും പാക്കേജില്‍ ലഭിക്കാതെ വന്നതോടെ പല യാത്രക്കാരും യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങി. കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടെ ട്രെയിന്‍ വൈകിയതോടെ ദുരിതത്തിലായി. വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ ലഭിക്കാതെ വന്നതോടെ ഐആര്‍സിടിസി ജീവനക്കാരും യാത്രക്കാരും തമ്മില്‍ തര്‍ക്കമുണ്ടാകുന്ന സ്ഥിതിയും ഇന്നുണ്ടായി.
യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക ട്രെയിന്‍ 7.30ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ട്രെയിനില്‍ എത്തിയ ശേഷം ഭക്ഷണം നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍ ട്രെയിന്‍ എത്തിയപ്പോള്‍ 11 മണി കഴിഞ്ഞു.
വന്‍തുക വാങ്ങിയിട്ടും തങ്ങള്‍ക്ക് യാത്രയില്‍ ഒരുക്കി തന്നത് മോശം താമസ സൗകര്യമാണെന്ന് യാത്രക്കാരന് ബോബി ട്വന്റിഫോറിനോട് പറഞ്ഞു. 12 ദിവസത്തെ യാത്രയാണ് പറഞ്ഞിരുന്നത്. യാത്രക്കാരില്‍ 95 ശതമാനവും മലയാളികളാണ്. സമയത്ത് തങ്ങള്‍ക്ക് ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് മറ്റൊരു യാത്രക്കാരനായ രത്നാകരനും ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: Malayali passengers against IRCTC tour package
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here