‘മുത്തച്ഛനെ മന്ത്രിയാക്കുമോ?’; രാഹുൽ ഗാന്ധിക്ക് കത്തെഴുതി കർണാടക കോൺഗ്രസ് നേതാവിന്റെ ചെറുമകൾ

രാഹുൽ ഗാന്ധിക്ക് കത്തയച്ച് കർണാടക കോൺഗ്രസ് നേതാവ് ടി.ബി ജയചന്ദ്രയുടെ ചെറുമകൾ. തൻ്റെ മുത്തച്ഛനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് അർണ സന്ദീപ് മുൻ കോൺഗ്രസ് അധ്യക്ഷന് കത്തയച്ചിരിക്കുന്നത്. അടുത്തിടെ നടന്ന കർണാടക മന്ത്രിസഭാ വിപുലീകരണത്തിൽ ജയചന്ദ്രയെ ഉൾപ്പെടുത്തിയിരുന്നില്ല.
“പ്രിയപ്പെട്ട രാഹുൽ ഗാന്ധി, ഞാൻ ടി.ബി ജയചന്ദ്രയുടെ കൊച്ചുമകളാണ്. മുത്തച്ഛൻ മന്ത്രിയാകാത്തതിൽ വിഷമമുണ്ട്. എൻ്റെ മുത്തച്ഛൻ കരുണയുള്ളവനും, കഠിനാധ്വാനിയുമാണ്. അദ്ദേഹം മന്ത്രിയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”- തന്റെ കത്തിൽ അർണ കുറിച്ചു. ഒരു സ്മൈലി സ്റ്റിക്കർ ഒട്ടിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിപുലീകരിച്ച മന്ത്രിസഭ മെയ് 27 ന് സത്യപ്രതിജ്ഞ ചെയ്തപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവ് ടി.ബി ജയചന്ദ്ര ക്യാബിനറ്റ് മന്ത്രിമാരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. പിന്നാലെ കുഞ്ചിറ്റിഗ സമുദായത്തിന് പ്രാതിനിധ്യം നൽകാത്തതിനാൽ കടുത്ത അനീതിയാണ് ഉണ്ടായതെന്ന് ആരോപിച്ച് ടി.ബി ജയചന്ദ്രയുടെ അനുയായികൾ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് പുറത്ത് പ്രകടനം നടത്തിയിരുന്നു.
Story Highlights: Karnataka Congress leader’s granddaughter writes to Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here