മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു

തിരുവനന്തപുരം നഗരൂരിൽ മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊടുവഴന്നൂർ സ്വദേശി അഭിലാഷാണ് നഗരൂർ പൊലീസിൻ്റെ പിടിയിലായത്. ആക്രമണത്തിന് പിന്നിൽ മുൻ വിരോധമാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ അഭിലാഷിനെ റിമാൻഡ് ചെയ്തു. ( Youth arrested on attempt to murder Nagaroor ).
ശനിയാഴ്ച വൈകുന്നേരം 5.45 ന് പൊയ്കക്കട ചന്തയ്ക്ക് സമീപമായിരുന്നു സംഭവം. കൊടുവഴന്നൂർ പൊയ്കക്കട സ്വദേശി 56 കാരനായ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന പ്രസന്നനാണ് കുത്തേറ്റത്. റബ്ബർ തോട്ടത്തിലൂടെ വീട്ടിലേയ്ക്ക് നടന്നു പോകുകയായിരുന്ന പ്രസന്നനെ ബൈക്കിൽ വന്നിറങ്ങിയ പ്രതി പിന്നിലൂടെ എത്തി ഷർട്ടിന്റെ കോളറിൽ പിടിച്ച് തടഞ്ഞു നിർത്തി അരയിൽ കരുതിയിരുന്ന അഗ്രഭാഗം വളഞ്ഞ കത്തി കൊണ്ട് കഴുത്തിനു നേരെ കുത്തുകയായിരുന്നു.
Read Also: കുടുംബതർക്കം; അമ്മായിയച്ഛൻ മരുമകനെ കുത്തിക്കൊന്നു, പ്രതി പിടിയിൽ
പ്രസന്നൻ ഒഴിഞ്ഞു മാറിയതിനെ തുടർന്ന് ചെവിയുടെ മുകൾ ഭാഗത്തായി തലയിൽ കുത്തേറ്റു. നിലവിളിച്ചു കൊണ്ട് ഓടി രക്ഷപ്പെട്ട പ്രസന്നനെ നാട്ടുകാർ ഉടൻ തന്നെ തിരുവനന്തപുരം മെഡിയ്ക്കൽ കോളജ് ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. തലയിലേറ്റ ആഴത്തിലുള്ള മുറിവിൽ പതിനാറോളം തുന്നൽ ഇടേണ്ടി വന്നു. അപകടനില തരണം ചെയ്തതായി ഡോക്ടർ അറിയിച്ചു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് പിടികൂടുകയായിരുന്നു.
പ്രസന്നന്റെ സുഹൃത്തിനെ മൂന്നു വർഷം മുമ്പ് അഭിലാഷ് ദേഹോപദ്രവം ഏല്പിച്ചതിനെതിരേ സാക്ഷി പറഞ്ഞതിലുള്ള മുൻ വിരോധമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതി കൃത്യത്തിന് ഉപയോഗിച്ച ആയുധവും സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. നരഹത്യാ ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Story Highlights: Youth arrested on attempt to murder Nagaroor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here