വെറും 30 ലക്ഷം രൂപയ്ക്ക് 200 വർഷം പഴക്കമുള്ള കൊട്ടാരം വാങ്ങാം; പക്ഷേ, അറ്റകുറ്റപ്പണികൾക്ക് വേണ്ടത് കോടികൾ

സ്കോട്ട്ലൻഡിലെ ഫെറ്റ്ലാർ ദ്വീപിലുള്ള കൊട്ടാരം വാങ്ങാൻ വെറും 30 ലക്ഷം രൂപ. 200 വർഷം പഴക്കമുള്ള, 40 ഏക്കർ ഭൂമിയിൽ നിലകൊള്ളുന്ന കൊട്ടാരം വാങ്ങാൻ 30,000 പൗണ്ട് മാത്രമാണ് (ഏകദേശം 30 ലക്ഷത്തിൽ 71,872 രൂപ) മുടക്കേണ്ടത്. എന്നാൽ, ഒരു ചെറിയ പ്രശ്നം. കൊട്ടാരത്തിലെ അറ്റകുറ്റപ്പണികൾക്കായി മുടക്കേണ്ടത് കോടികളാണ്.
പൊളിഞ്ഞുവീഴാറായ നിലയിലുള്ള കെട്ടിടങ്ങൾ പുതുക്കിപ്പണിയാനും അറ്റകുറ്റപ്പണികൾക്കുമായി 12 മില്ല്യൺ പൗണ്ട് (ഏകദേശം 122 കോടി 95 ലക്ഷത്തി 57,129 രൂപ) മുടക്കണം. ബ്രോ ലോഡ്ജ് ട്രസ്റ്റിനു കീഴിലാണ് ഈ കൊട്ടാരമുള്ളത്. കൊട്ടാരം ലോകോത്തര നിലവാരത്തിലുള്ള റിട്രീറ്റ് സെൻ്റർ ആക്കാൻ സാധിക്കുമെന്ന് ഇവർ പറയുന്നു. യോഗ റിട്രീറ്റുകൾക്ക് പറ്റിയ സ്ഥലത്താണ് കൊട്ടാരമെന്ന് ഇവർ പറയുന്നു.
ആർതർ നിക്കോൾസൺ എന്നയാളാണ് ഈ കൊട്ടാരം പണിതത്. ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്നതിനിടെ ലഭിച്ച കെട്ടിടനിർമാണ രീതികളൊക്കെ ഈ കൊട്ടാരനിർമിതിയിൽ ഉപയോഗിച്ചിട്ടുണ്ട്. 1980കളിൽ ഇദ്ദേഹത്തിൻ്റെ ഭാര്യ ഈ കൊട്ടാരത്തിലെ താമസം മതിയാക്കി മടങ്ങിയതിനു ശേഷം ഇവിടെ ആരും താമസിച്ചിട്ടില്ല. നിക്കോൾസൺ കുടുംബത്തിൻ്റെ നിലവിലുള്ള കണ്ണി ഒലിവ് ബോർലാൻഡ് ഇത് 2007ൽ ബ്രോ ലോഡ്ജ് ട്രസ്റ്റിനു കൈമാറുകയായിരുന്നു. ട്രസ്റ്റിൽ ഒലിവ് ബോർലാൻഡും ഉൾപ്പെടുന്നു.
Story Highlights: Historic Castle Scotland Sale 30 Lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here