തിരുനെൽവേലിയിൽ ജുവലറി ഉടമയെ തട്ടിക്കൊണ്ടു പോയി ഒന്നരകോടി രൂപ മോഷ്ടിച്ചു

തമിഴ്നാട് തിരുനെൽവേലിയിൽ ജുവലറി ഉടമയെ തട്ടിക്കൊണ്ടു പോയി ഒന്നരകോടി രൂപ മോഷ്ടിച്ചു. കേരളത്തിലേയ്ക്ക് സ്വർണമെടുക്കാനായി പോകുമ്പോഴായിരുന്നു കാറിലെത്തിയ സംഘം തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോയത്. നാങ്കുനേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുനെൽവേലിയിൽ ജുവലറി വ്യാപാരം നടത്തുന്ന സുശാന്തിനെയാണ് മുഖംമൂടി ധരിച്ചെത്തിയ കവർച്ചാ സംഘം തട്ടിക്കൊണ്ടു പോയി മോഷണം നടത്തിയത്. ഇന്നു രാവിലെയാണ് സംഭവം. തിരുനെൽവേലിയിൽ നിന്നും സ്വർണമെടുക്കാനായി തിരുവനന്തപുരം നെയ്യാറ്റിൻകരയിലേയ്ക്ക് വരികയായിരുന്നു സുശാന്ത്. അതിനിടെ, നാങ്കുനേരിയിൽ വച്ചാണ് രണ്ടു കാറുകളിലായി എത്തിയ സംഘം സുശാന്തിൻ്റെ കാർ തടഞ്ഞു നിർത്തിയത്. തുടർന്ന്, ചില്ല് തകർത്ത്, മുളക്പൊടി വിതറിയും പെപ്പർ സ്പ്രേ അടിച്ചും പണം മോഷ്ടിയ്ക്കാൻ ശ്രമിച്ചു.
അതിനിടെ അതുവഴി വന്ന സ്വകാര്യ ബസ് ഡ്രൈവർ ബഹളം കേട്ട് നിർത്തിയതോടെ, സുശാന്തിൻ്റെ കാറിൽ മോഷ്ടാക്കൾ കയറി വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. മർദിച്ച് അവശനാക്കിയ സുശാന്തിനെ വഴിയിൽ ഇറക്കിവിട്ടു. പിന്നീട്, പണമെടുത്ത ശേഷം, കാർ നെടുങ്കുളത്ത് തടാക കരയിൽ ഉപേക്ഷിയ്ക്കുകയായിരുന്നു. സുശാന്ത് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ നാങ്കുനേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. പ്രദേശത്തുള്ള ടോൾ ബൂത്തിലെ സിസിടിവി കാമറയിൽ മോഷ്ടാക്കൾ കൊണ്ടുപോയ സുശാന്തിൻ്റെ കാറിൻ്റെ ദൃശ്യങ്ങളില്ല. ടോൾ ഗേറ്റിൽ എത്തുന്നതിനു മുൻപെ ഇടവഴി കയറി, നെടുങ്കുളത്തേയ്ക്ക് പോകുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ നിഗമനം. കെള്ളയടിക്കപ്പെട്ട പണം സംബന്ധിച്ച് സുശാന്ത് നൽകിയ വിവരങ്ങളും കൃത്യമല്ലെന്ന് പൊലിസ് പറയുന്നു. അതുകൊണ്ടുതന്നെ കള്ളപ്പണ ഇടപാടിൻ്റെ ഭാഗമാണോ മോഷണമെന്നും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.
Story Highlights: jewelery owner kidnapped and one and a half crore rupees were stolen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here