കെകെയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ്

ബോളിവുഡ് ഗായകൻ കെകെയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ്. സംഗീതലോകത്തിന് ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ശ്രുതിമാധുര്യമായിരുന്നു കെകെ. കൊൽക്കത്തയിൽ സംഗീത വിരുന്നിനിടെ മരണത്തിന് കീഴടങ്ങിയ കെകെയുടെ വിയോഗം ഇന്നും സംഗീത ലോകത്തിന് അംഗീകരിക്കാൻ ആയിട്ടില്ല.
സംഗീതത്തിൽ ഔദ്യോഗിക പരിശീലനം നേടാതെയും ക്ലാസിക്കൽ സംഗീതം പഠിക്കാതെയും മികവുറ്റ ഗായകരായി മാറിയ ഏതാനും ചില അതുല്യപ്രതിഭകളില്‍ ഒരാളായിരുന്നു കെകെ എന്ന കൃഷ്‌ണകുമാർ കുന്നത്ത്. മലയാളി ദമ്പതികളായ സി.എസ് മേനോൻ, കനകവല്ലി എന്നിവരുടെ മകനായി ന്യൂ ഡൽഹിയിൽ ജനനം. വളർന്നതും പഠിച്ചതും ഡൽഹിയിൽ തന്നെ.
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് അദ്ദേഹം 3500ഓളം ജിംഗിളുകൾക്ക് ശബ്‌ദം നൽകിയിട്ടുണ്ട്. 1999ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിനുവേണ്ടി ‘ജോഷ് ഓഫ് ഇന്ത്യ’ എന്ന ഗാനം പാടിയതും അക്കാലത്ത് ഏറെ ശ്രദ്ധേയാകര്‍ഷിച്ചു. കെകെ എന്നറിയപ്പെട്ടിരുന്ന മറ്റൊരു ഇതിഹാസഗായകൻ കിഷോർ കുമാറിന്‍റെ കടുത്ത ആരാധകൻ കൂടിയായിരുന്നു അദ്ദേഹം. എ.ആർ റഹ്‌മാൻ സംഗീതസംവിധാനം ചെയ്‌ത പ്രേമദേശം എന്ന ചിത്രത്തിലെ ഗാനം ആലപിച്ചുകൊണ്ടാണ് കെകെ സിനിമാരംഗത്തേക്ക് ചുവടുവയ്‌ക്കുന്നത്.
ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, ബംഗാളി, കന്നട തുടങ്ങി വിവിധ ഭാഷകളിലായി 700ലേറെ ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. 53-ാം വയസിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച കെകെ എന്ന കൃഷ്‌ണകുമാർ കുന്നത്ത് സംഗീതാസ്വാദകർക്കായി ബാക്കിവച്ച ഗാനങ്ങൾ അദ്ദേഹത്തെ ഒരു യുഗം ഓർത്തിരിക്കാൻ മതിയായവയാണ്.
Story Highlights: KK’s first death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here