വിദ്യാർത്ഥിനിക്ക് യാത്രാ ഇളവ് നൽകാത്തത് ചോദ്യം ചെയ്തു; പിതാവിന് ബസ് കണ്ടക്ടറുടെ മർദ്ദനം

തൃശ്ശൂരിൽ വിദ്യാർത്ഥിനിക്ക് യാത്ര ഇളവ് നൽകാത്തത് ചോദ്യം ചെയ്ത പിതാവിന് മർദനം. യൂണിഫോം ധരിക്കാത്തതിന്റെ പേരിൽ സ്കൂൾ വിദ്യാർത്ഥിനിയിൽ നിന്നും ഫുൾ ചാർജ് ഈടാക്കുകയായിരുന്നു. തൃശ്ശൂർ – മരോട്ടിച്ചാൽ റൂട്ടിലോടുന്ന ‘കാർത്തിക’ ബസിലെ കണ്ടക്ടറാണ് രക്ഷിതാവിനെ മർദ്ദിച്ചത്. Bus Conductor Assaults Student’s Father Over Travel Concession
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.. മരോട്ടിച്ചാലിൽ നിന്നും മാന്ദാമംഗലത്തെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലേക്ക് പോയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയിൽ നിന്നും യൂണിഫോം ധരിച്ചില്ല എന്ന കാരണത്താൽ ഫുൾ ചാർജ് എന്ന നിലയിൽ 13 രൂപ ഈടാക്കി. ഇത് ചോദ്യം ചെയ്ത രക്ഷിതാവ് മരോട്ടിച്ചാൽ സ്വദേശി നെടിയാനിക്കുഴിയിൽ സജിയെയാണ് തൃശ്ശൂർ – മാന്ദാമംഗലം – മരോട്ടിച്ചാൽ റൂട്ടിൽ സർവ്വീസ് നടത്തുന്ന കാർത്തിക ബസിലെ കണ്ടക്ടർ മർദ്ദിക്കുകയും ബസിൽ നിന്ന് തള്ളി താഴെ ഇടുകയും ചെയ്തത്.
Read Also: തിരുവനന്തപുരത്ത് രോഗി ആംബുലൻസ് തകർത്തു; ജീവനക്കാർക്ക് മർദ്ദനം
സംഭവം കണ്ട് സ്ഥലത്ത് ഉണ്ടായ നാട്ടുകാർ ചേർന്ന് ബസ് തടഞ്ഞിട്ടതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഒല്ലൂർ പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. കൂടാതെ കുട്ടിയുടെ രക്ഷിതാവ് കണ്ടക്ടർക്കെതിരെ പോലീസിൽ പരാതിയും നൽകി. സ്കൂൾ തുറന്ന് ആദ്യ ദിനത്തിൽ തന്നെ യൂണിഫോം ധരിച്ചില്ല എന്ന കാരണത്താൽ ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്നും പെൺകുട്ടിക്ക് നേരെ ഉണ്ടായ മോശം പെരുമാറ്റത്തിൽ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി.
മർദ്ദനമേറ്റ സജി ആശുപത്രിയിലെത്തി ചികിത്സ തേടി. സംഭവത്തിൽ കണ്ടക്ടർ വെട്ടുകാട് സ്വദേശി അഖിലിനെതിരെ ഒല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights: Bus Conductor Assaults Student’s Father Over Travel Concession
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here