പീഡനം, മോശം സ്പർശനം എന്നിവ ഉൾപ്പെടെ നിരവധി കുറ്റങ്ങൾ; ബ്രിജ് ഭൂഷണിനെതിരെ രണ്ട് എഫ്‌ഐആറുകൾ, വിവരങ്ങൾ പുറത്ത്

വനിതാ ഗുസ്തി താരങ്ങളുടെ പീഡന പരാതിയിൽ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ രണ്ട് എഫ്‌ഐആറുകൾ. പൊലീസിന് ലഭിച്ച 10 പരാതികളുടെ അടിസ്ഥാനത്തിൽ ഡൽഹി കൊണാട്ട് പ്ലേസ് പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പീഡനം, മോശം സ്പർശനം എന്നിവ ഉൾപ്പെടെ നിരവധി വകുപ്പുകൾ ബ്രിജ് ഭൂഷണെതിരെ ചുമത്തിയിട്ടുണ്ട്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ഏപ്രിൽ 28ന് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് വ്യത്യസ്ത എഫ്ഐആറുകളുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന ഐപിസി സെക്ഷൻ 354, 354 എ, 354 ഡി, 34 എന്നിവ രണ്ട് എഫ്‌ഐആറുകളിലും ഉദ്ധരിക്കുന്നു. ആദ്യ എഫ്‌ഐആറിൽ ആറ് മുതിർന്ന ഗുസ്തിക്കാരുടെ ആരോപണങ്ങളും ഡബ്ല്യുഎഫ്‌ഐ സെക്രട്ടറി വിനോദ് തോമറിന്റെ പേരുമുണ്ട്. രണ്ടാമത്തെ എഫ്‌ഐആർ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിന്റെ പരാതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. അഞ്ച് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന പോക്‌സോ നിയമത്തിലെ സെക്ഷൻ 10 പ്രകാരമാണ് രണ്ടാമത്തെ എഫ്‌ഐആർ.
2012 മുതൽ 2022 വരെ ഇന്ത്യയിലും വിദേശത്തുമായാണ് സംഭവങ്ങൾ നടന്നതെന്നും ഇതിൽ പറയുന്നു. ലൈംഗിക പീഡനത്തിനിരയാക്കിയെന്ന 10 പരാതികൾ ബ്രിജ് ഭൂഷനെതിരെയുണ്ട്. കൂടാതെ ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെട്ടുവെന്ന പരാതിയിൽ രണ്ട് കേസിലും ഇയാളെ പ്രതിയാക്കിയിട്ടുണ്ട്. ശരിയല്ലാത്ത രീതിയിൽ സ്പർശിക്കുക, പെൺകുട്ടികളുടെ മാറിടം പിടിക്കുക, ശ്വസന ക്രമം പരിശോധിക്കാനെന്ന പേരിൽ വനിതാ താരങ്ങളുടെ മാറിടത്തിലും വയറിലും പിടിക്കുക, തലോടുക, ശരിയല്ലാത്ത സ്വകാര്യ വിവരങ്ങൾ തേടുക, താരങ്ങൾക്ക് ടൂർണമെന്റിന്റെ സമയത്തുണ്ടാകുന്ന മുറിവുകൾക്കുള്ള ചികിത്സക്ക് ഫെഡറേഷൻ നൽകുന്ന സൗകര്യത്തിനും ഡയറ്റീഷ്യനും കോച്ചും അനുവദിക്കാത്ത അറിയപ്പെടാത്ത ഭക്ഷണ പദാർഥങ്ങൾ വാഗ്ദാനം ചെയ്തും ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെടുക, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നെഞ്ചത്ത് തലോടുക ദേഹത്ത് തലോടുക തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ബ്രിജ് ഭൂഷനെതിരെയുള്ളത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ, തന്റെ മകൾ “തികച്ചും അസ്വസ്ഥയായെന്നും, കുറ്റാരോപിതന്റെ (സിംഗ്) ലൈംഗികാതിക്രമം അവളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു” എന്നും ആരോപിക്കുന്നു. എഫ്‌ഐആറുകൾ പ്രകാരം സുപ്രധാനമായ ആരോപണങ്ങൾ ചുവടെ.
- ഫോട്ടോക്ക് പോസ് ചെയ്യുകയാണെന്ന് നടിച്ച് തന്നെ അമർത്തിപ്പിടിച്ചെന്നും തോളിൽ അമർത്തുകയും മനഃപൂർവം ശരിയല്ലാത്ത രീതിയിൽ സ്പർശിക്കുകയും നെഞ്ചത്ത് തലോടിയെന്നുമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതി.
- ഒരു തരത്തിലുമുള്ള ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ തനിക്ക് താൽപ്പര്യമില്ലെന്നും തന്റെ പിറകെ നടക്കരുതെന്ന് പ്രതിയോട് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും എന്നിട്ടും ഇതേ അനുഭവം നേരിടുകയായിരുന്നെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
Story Highlights: Demands for sexual favours, 10 cases of molestation detailed in 2 FIRs against Brij Bhushan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here