വിസ സ്റ്റാമ്പിങ് നടപടിക്രമങ്ങള്‍ പ്രവാസി സൗഹൃദമാവണം; സൗദി പ്രധാനമന്ത്രിക്ക് കത്തെഴുതി കാന്തപുരം

സൗദി അറേബ്യയിലേക്കുള്ള ഫാമിലി, ബിസിനസ്, സ്റ്റുഡന്റസ്, വിസിറ്റിങ് അടക്കമുള്ള വിവിധ വിസകളുടെ സ്റ്റാമ്പിങ് വിഎഫ്എസ് കേന്ദ്രങ്ങള്‍ മുഖേനയാക്കിയത് പ്രവാസികള്‍ക്കും ബന്ധപെട്ടവര്‍ക്കും ഏറെ പ്രയാസമുണ്ടാക്കുനെന്ന് ചൂണ്ടിക്കാട്ടി സൗദി പ്രധാനമന്ത്രിക്ക് കത്തെഴുതി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. വിസ സ്റ്റാമ്പിംഗില്‍ പ്രവാസി സൗഹൃദ ഇടപെടലുകള്‍ ഉണ്ടാവണമെന്നും വിഎഫ്എസ് കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ സൗദി അംബാസിഡര്‍ മുഖേന സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ കത്തെഴുതിയത്. (Kanthapuram letter to Saudi pm on visa stamping issue)
കഴിഞ്ഞ മാസം മുതലാണ് സൗദിയിലേക്കുള്ള വിസ നടപടികളില്‍ മാറ്റം വന്നത്. ട്രാവല്‍ ഏജന്‍സികള്‍ മുഖേന ചെയ്തിരുന്ന സ്റ്റാമ്പിങ് നടപടിക്രമങ്ങള്‍ വിഎഫ്എസ് കേന്ദ്രങ്ങളിലൂടെ മാത്രമാണ് ഇപ്പോള്‍ സാധ്യമാകുന്നത്. തൊഴില്‍ വിസക്കും ഈ നിയമം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഹജ്ജ് തീര്‍ത്ഥാടനം കഴിയും വരെ ഇളവുണ്ടായേക്കും. വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യലടക്കമുള്ള സേവനങ്ങള്‍ വിഎഫ്എസ് വഴിയാണ് ചെയ്യേണ്ടത്.
കേരളത്തിലെ കൊച്ചിയിലേതടക്കം ഇന്ത്യയില്‍ ആകെ ഒന്‍പത് കേന്ദ്രങ്ങളാണ് വിസ സേവനങ്ങള്‍ക്കായി നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അപ്പോയിന്‍മെന്റ് എടുത്തതിന് ശേഷം രേഖകള്‍ ഹാജരാക്കി ബയോമെട്രിക് അടക്കമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചെങ്കില്‍ മാത്രമേ ഈ സെന്ററുകള്‍ മുഖേന വിസ സ്റ്റാമ്പിങ് സാധ്യമാവൂ. കേരളം പോലുള്ള പ്രവാസികള്‍ ധാരാളമുള്ള പ്രദേശത്തെ ഏക വിഎഫ്എസ് സെന്ററിന് ഉള്‍ക്കൊള്ളാനാവാത്ത വിധമാണ് അപേക്ഷകരുടെ എണ്ണം എന്നത് അപ്പോയിന്മെന്റ് ലഭിക്കാന്‍ കാലതാമസം ഉണ്ടാക്കുന്നുണ്ട്. ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ വേഗതക്കുറവും മതിയായ ജീവനക്കാരുടെ അപര്യാപ്തതയും അപ്പോയിന്മെന്റ് ലഭിച്ചവരുടെ സ്റ്റാമ്പിങ് പോലും പൂര്‍ത്തിയാകാത്ത സ്ഥിതിവിശേഷമാണുണ്ടാക്കുന്നത്. സ്റ്റാമ്പിങ് നടപടികള്‍ക്കായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ളവര്‍ കൊച്ചിയെ ആശ്രയിക്കണമെന്നത് കേരളത്തിലെ സവിശേഷ ഗതാഗത സംവിധാനത്തില്‍ ഏറെ പ്രയാസകരമാണ്. ഈ സാഹചര്യത്തില്‍ കൊച്ചിക്ക് പുറമെ സൗദി പ്രവാസികള്‍ ഏറെയുള്ള മലബാറിലും വിഎഫ്എസ് സെന്റര്‍ ആരംഭിക്കണമെന്നും സാധാരണക്കാരായ പ്രവാസികള്‍ക്ക് ഗുണകരമാവും വിധം ഓണ്‍ലൈന്‍ നടപടികള്‍ ആയാസരഹിതമാക്കണമെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ കത്തില്‍ ആവശ്യപ്പെട്ടു.
Story Highlights: Kanthapuram letter to Saudi pm on visa stamping issue