അരിക്കൊമ്പന്‍ ഉഷാറായി, തുമ്പിക്കൈയില്‍ വെള്ളമെടുത്തു; ദൃശ്യങ്ങള്‍ പുറത്ത്

മോശമായ ആരോഗ്യാവസ്ഥയില്‍ കാട്ടിലേക്ക് തുറന്നുവിട്ട അരിക്കൊമ്പന്‍ കാട്ടാനയെ കുറിച്ച് ശുഭകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തീറ്റയെടുക്കുന്നതിന്റെയും വെള്ളം കുടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. മണിമുത്താര്‍ ഡാം സൈറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് ഇപ്പോള്‍ അരിക്കൊമ്പനുള്ളത്. നിലവില്‍ അരിക്കൊമ്പന്റെ ഓരോ ചലനങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയാണ്.(New visuals of Arikomban from tamilnadu forest)
അരിക്കൊമ്പന്റെ പുറത്തുവന്ന വിഡിയോയയില്‍ ആന പൂര്‍ണ ആരോഗ്യവാനാണെന്ന് വ്യക്തമാണ്. തുമ്പിക്കൈയിലെ മുറിവ് ഉണങ്ങിത്തുടങ്ങി. ആസ്വദിച്ച് വെള്ളം കുടിക്കുന്നതും തുമ്പിക്കൈ വെള്ളത്തിലിട്ട് കളിക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. തുമ്പിക്കൈക്കേറ്റ പരുക്കിന് ചികിത്സ നല്‍കിയാണ് ആനയെ വനത്തിലേക്ക് തുറന്നുവിട്ടിരുന്നത്. ഉള്‍ക്കാട്ടിലാണെങ്കിലും റേഡിയോ കോളര്‍ വഴി ആന, ജനവാസ മേഖലയിലേക്ക് എത്തുന്നുണ്ടോ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സദാ നിരീക്ഷിച്ചുവരികയാണ്.
Cleans the grass well in tranquil waters before eating. Looks like soaking in the calm and beauty of his new home which we pray should be forever. Time will tell #Arikomban #TNForest #elephants pic.twitter.com/eU3Avk9jjo
— Supriya Sahu IAS (@supriyasahuias) June 7, 2023
ഈ മാസം ആറിനാണ് കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലെ അപ്പര്‍ കോതയാര്‍ ഭാഗത്ത് അരിക്കൊമ്പനെ തുറന്നു വിട്ടത്. അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നു വിടാന്‍ കോടതി ഉത്തരവിന് പിന്നാലെയാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നടപടി. തേനി സ്വദേശി ഗോപാലാണ് ആനയെ കാട്ടില്‍ തുറന്നുവിടണമെന്ന് കാണിച്ച് ഹര്‍ജിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ആറിന് പുലര്‍ച്ചെ തേനിയിലെ പൂശാനം പെട്ടിയില്‍ നിന്ന് അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് പിടികൂടുന്നു.. ഇടുക്കിയില്‍ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തില്‍ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. പിടികൂടിയ ശേഷം ഒരു രാത്രി മുഴുവന്‍ നിരീക്ഷണം. പിന്നാലെ രാവിലെ വനത്തിനുള്ളില്‍ തുറന്നുവിടല്‍.
Read Also: അനിശ്ചിതത്വം നീങ്ങി; അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നു വിടുമെന്ന് തമിഴ്നാട്
ഇടുക്കി ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ എത്തിച്ച ആന തമിഴ്‌നാട് കമ്പത്ത് ഇറങ്ങി ഭീതി ജനിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്, ആനയെ മയക്കുവെടി വെക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. പിടികൂടിയെങ്കിലും അരിക്കൊമ്പന്റെ ആരോഗ്യനില പരിഗണിച്ച് ആനയെ കാട്ടില്‍ വിടണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഉത്തരവിട്ടത്. ആദ്യം കേസ് പരിഗണിയ്ക്കുന്നതു വരെ വനംവകുപ്പിന്റെ സംരക്ഷണയില്‍ അരിക്കൊമ്പനെ സൂക്ഷിയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും വനംവകുപ്പ് ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരം അറിയിച്ചതോടെയാണ് ഹൈക്കോടതി നിര്‍ദേശം മാറ്റിയതും ആനയെ കാട്ടില്‍ വിടണമെന്ന് ഉത്തരവിട്ടതും.
Story Highlights: New visuals of Arikomban from tamilnadu forest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here