വി.ഡി സതീശനെതിരായ അന്വേഷണം തികച്ചും രാഷ്ട്രീയ പ്രേരിതം: രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ വിജിലൻസ് അന്വേഷണം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും സർക്കാരിനെതിരെ സംസാരിക്കുകയും ചെയ്യുന്നവരെ നിശബ്ദരാക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന് ചെന്നിത്തല ആരോപിച്ചു.
കേന്ദ്രത്തിൽ നരേന്ദ്ര മോദി സ്വീകരിക്കുന്ന നിലപാട് തന്നെയാണ് കേരളത്തിൽ പിണറായി സർക്കാർ സ്വീകരിക്കുന്നത്. വി.ഡി സതീശനെതിരായ ഈ ആരോപണം പലതവണ ചർച്ചചെയ്യപ്പെടുകയും കോടതി തള്ളുകയും ചെയ്തിട്ടുണ്ട്. ഈ വിഷയം വീണ്ടും ഉന്നയിക്കുന്നത് AI ക്യാമറ, കെ-ഫോൺ അഴിമതികളിൽ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടുന്നതിന്റെ ഭാഗമായാണ്.
പ്രതിപക്ഷ നേതാവായിരിക്കെ തനിക്കെതിരെ അഞ്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നിൽപ്പോലും ഇതുവരെ നടപടിയുണ്ടായില്ല. ഇതൊന്നും കേരളത്തിൽ വിലപ്പോവില്ലെന്നും ഓലപ്പാമ്പ് കാട്ടി പ്രതിപക്ഷത്തെ വിരട്ടാൻ നോക്കെണ്ടെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
Story Highlights: Investigation against VD Satheesan purely politically motivated: Chennithala