കുറഞ്ഞ വിലയ്ക്ക് ഭൂമി നൽകാമെന്ന പേരിൽ വ്യവസായിയിൽ നിന്ന് 35 ലക്ഷം രൂപ തട്ടി; പ്രധാന പ്രതി അറസ്റ്റിൽ

മൂന്നാറിൽ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി നൽകാമെന്ന പേരിൽ വ്യവസായിയിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. പാല സ്വദേശി നിഷാദിനെയാണ് വെള്ളത്തൂവൽ പൊലീസ് പിടികൂടിയത്. വൈദികനെന്ന് വിശ്വസിപ്പിച്ചാണ് തിരുവനന്തപുരം സ്വദേശിയിൽ നിന്നും പ്രതി പണം തട്ടിയത്.
കഴിഞ്ഞ മെയ് 19നാണ് കേസിനാസ്പദമായ സംഭവം. ടൂറിസം മേഖലയിലെ ഭൂമി കുറഞ്ഞ വിലയ്ക്ക് വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി ഹോട്ടൽ വ്യാപാരിയിൽ നിന്നും 35 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. 15 പേരാണ് കേസിലെ പ്രതികൾ. എട്ടുപേർ നിലവിൽ അറസ്റ്റിൽ ആയിട്ടുണ്ട്. കേസിലെ പ്രധാന സൂത്രധാരനാണ് നിഷാദ്. ഒളിവിൽ കഴുകിയായിരുന്ന നിഷാദിനെ വെള്ളിയാഴ്ച വൈകിട്ടാണ് വെള്ളത്തൂവൽ പൊലീസ് പിടികൂടുന്നത്.
പാലാ ചീനികുഴിയിൽ തിരക്കഥാകൃത്ത് എന്ന വ്യാജേന വാടകവീടെടുത്ത് താമസിക്കുകയായിരുന്നു. നിഷാദിന്റെ പെൺ സുഹൃത്തിന്റെ സഹായത്തോടെയാണ് ഒളിവിടം പൊലീസ് കണ്ടെത്തിയത്. തട്ടിയെടുത്ത 35 ലക്ഷത്തിൽ 13 ലക്ഷം രൂപയാണ് നിഷാദ് കൈക്കലാക്കിയത്. പിടിയിലാകുമ്പോൾ 11 ലക്ഷം രൂപ ഇയാളുടെ കയ്യിൽ നിന്നും കണ്ടെടുത്തു. തിരുവനന്തപുരം കരമന സ്വദേശി ബോസിന്റെ കയ്യിൽ നിന്നാണ് ഭൂമിക്കച്ചവടത്തിന്റെ പേരിൽ ഇടുക്കിയിൽ വിളിച്ചുവരുത്തി 35 ലക്ഷം രൂപ തട്ടിയെടുത്തത്.
നേരത്തെ പിടിയിലായ പ്രതികളെല്ലാം റിമാൻഡിൽ ആണ്. ഇനി പിടിയിൽ ആകാനുള്ള ഏഴു പേർക്കായി പോലീസ് അന്വേഷണം ഊർജ്ജതമാക്കി. വെള്ളത്തൂവൽ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നിഷാദിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: 35 lakhs extorted from businessman; main suspect arrested