Advertisement

ധോണിയെ പ്രകീർത്തിച്ച് ആരാധകൻ്റെ ട്വീറ്റ്; ക്യാപ്റ്റൻ മാത്രമല്ല കളിക്കുന്നതെന്ന് ഹർഭജൻ സിംഗ്

June 12, 2023
Google News 8 minutes Read
harbhajan singh response fan ms dhoni

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പരാജയപ്പെട്ടതിനു പിന്നാലെ എംഎസ് ധോണിയെ പ്രകീർത്തിച്ചുള്ള ആരാധകൻ്റെ ട്വീറ്റിന് മറുപടിയുമായി ഇന്ത്യയുടെ മുൻ താരം ഹർഭജൻ സിംഗ്. 2007 ടി-20 ലോകകപ്പ് വിജയത്തിൽ ധോണിയെ പ്രകീർത്തിച്ചുള്ള ട്വീറ്റിനാണ് ഹർഭജൻ മറുപടി പറഞ്ഞത്. (harbhajan singh response dhoni)

‘പരിശീലകനില്ല, ഉപദേശകനില്ല, യുവാക്കളുടെ ടീം, മുതിർന്ന താരങ്ങളിൽ കൂടുതൽ പേരും കളിച്ചില്ല. മുൻപ് ഒരു മത്സരവും നയിച്ചിട്ടില്ല. പ്രൈം ഓസ്ട്രേലിയയെ സെമിഫൈനലിൽ പരാജയപ്പെടുത്തി, ക്യാപ്റ്റനായി 48 ദിവസങ്ങൾക്കു ശേഷം ഈ മനുഷ്യൻ ടി-20 ലോകകപ്പ് വിജയിച്ചു.’- ഇങ്ങനെയായിരുന്നു ആരാധകൻ്റെ ട്വീറ്റ്.

Read Also: ഇന്ത്യക്ക് വീണ്ടും കണ്ണീർ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഓസ്ട്രേലിയക്ക്

അതിന് ഹർഭജൻ്റെ മറുപടി ഇങ്ങനെ: ‘അതെ, ഈ മത്സരങ്ങൾ ഇന്ത്യയിൽ നിന്നുള്ള ആ യുവതാരം ഒറ്റക്കാണ് കളിച്ചത്, മറ്റ് 10 പേർ കളിച്ചില്ല. അദ്ദേഹം ഒറ്റയ്ക്ക് ലോകകപ്പ് നേടി. ഓസ്ട്രേലിയയോ മറ്റ് ഏതെങ്കിലും രാജ്യമോ ലോകകപ്പ് നേടുമ്പോൾ ആ രാജ്യം നേടിയെന്നാണ് തലക്കെട്ടുകൾ. പക്ഷേ, ഇന്ത്യ വിജയിക്കുമ്പോൾ ക്യാപ്റ്റൻ വിജയിച്ചു എന്നാണ് പറയുന്നത്. ഇതൊരു ടീം സ്പോർട്ട് ആണ്. ജയിക്കുന്നതും പരാജയപ്പെടുന്നതും ഒരുമിച്ചാണ്.’- ഹർഭജൻ കുറിച്ചു.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ 209 റൺസിന് തകർത്ത ഓസ്ട്രേലിയ ഇതോടെ എല്ലാ ഐസിസി കിരീടങ്ങളും നേടുന്ന ആദ്യ ടീമായി. 444 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 234 റൺസിന് ഓളൗട്ടായി. വിരാട് കോലി (49), അജിങ്ക്യ രഹാനെ (46), രോഹിത് ശർമ (43) എന്നിവരാണ് ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്സിൽ മികച്ചുനിന്നത്. ഓസ്ട്രേലിയക്കായി നതാൻ ലിയോൺ നാല് വിക്കറ്റ് വീഴ്ത്തി. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പരാജയപ്പെടുന്നത്.

രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് നേടി ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. 66 റൺസെടുത്തു പുറത്താകാതെ നിന്ന അലക്‌സ് കാരിയാണ് ഓസീസിൻ്റെ ടോപ് സ്‌കോറർ. ഒന്നാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ 469ന് പുറത്തായപ്പോൾ ഇന്ത്യയുടെ പോരാട്ടം 296 റൺസിൽ അവസാനിച്ചു.

Story Highlights: harbhajan singh response fan ms dhoni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here