മറ്റു പ്രമുഖർക്കും പങ്ക്, കെ.സുധാകരനെതിരെ ക്രൈംബ്രാഞ്ച് നടപടി എടുത്തതിൽ സന്തോഷം; പരാതിക്കാരൻ ഷമീർ

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെ.സുധാകരനെതിരെ ക്രൈംബ്രാഞ്ച് നടപടിയെടുത്തതിൽ സന്തോഷമെന്ന് പരാതിക്കാരൻ ഷമീർ. ആദ്യഘട്ടത്തിൽ ഉന്നതന്മാരെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടായി. മുൻ ഡി.ഐ.ജി സുരേന്ദ്രൻ ഉൾപ്പെടെയുള്ള ഉന്നതർക്ക് തട്ടിപ്പിൽ പങ്കുണ്ട്. മോൻസൺ മാവുങ്കലിൻ്റെ സഹായികൾ തന്നെ മുൻ ഡി.ഐജിക്കെതിരെ രഹസ്യമൊഴി നൽകിയതായി വിവരം ലഭിച്ചു.
തട്ടിപ്പിൽ പങ്കുള്ള മറ്റു പ്രമുഖരെയും പ്രതിചേർത്ത് മുന്നോട്ട് പോകുമെന്ന് വിശ്വസിക്കുന്നുവെന്ന് ഷമീർ എം.ടി ട്വൻ്റിഫോറിനോട് പറഞ്ഞു.സി.ബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹരജി 19ന് പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് നടപടി.
മോൻസൻ മാവുങ്കലിന്റെ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പണം കൈപ്പറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 25 ലക്ഷം രൂപ അനൂപിൽ നിന്ന് മോൻസൻ വാങ്ങിയിരുന്നു. ഇതിൽ 10 ലക്ഷം രൂപയാണ് കെ. സുധാകരന് കിട്ടിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതിന്റെ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
മോൻസൻ മാവുങ്കലിന്റെ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ രണ്ടാം പ്രതിയായി ചേർത്താണ് ക്രൈം ബ്രാഞ്ച് എറണാകുളം എസി ജെ എം കോടതിയിൽ റിപ്പോർട്ട് നൽകിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസും അയച്ചിട്ടുണ്ട്. മറ്റന്നാൾ കളമശ്ശേരി ഓഫീസിൽ ഹാജരാകണം എന്നാണ് നിർദേശം.
മോൻസൻ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തേ തന്നെ അറിയിച്ചിരുന്നു. കെ. സുധാകരന് എതിരായി ഉയർന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സുധാകരന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസൻ മാവുങ്കലിന് കൈമാറിയത്. അതുകൊണ്ടുതന്നെ സുധാകരനെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയുള്ളൂവെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
പുരാവസ്തു വിൽപ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് മോൻസൻ മാവുങ്കൽ കുടുങ്ങിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പമുള്ള മോൻസന്റെ ചിത്രം പുറത്തു വന്നത് വലിയ വിവാദമായിരുന്നു. സുധാകരനുമായി മോൻസന് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാർ പരാതിയിൽ ആരോപിച്ചിരുന്നു.
Story Highlights: K Sudhakaran named second accused in Monson Mavunkal case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here