Advertisement

കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി

June 12, 2023
2 minutes Read
kodungallur ancient well found

കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി. അഞ്ചാംപരുത്തിയിൽ പാർത്ഥസാരഥി മാസ്റ്ററുടെ പുരയിടത്തിലാണ് അതിപുരാതന നിർമ്മിതി കണ്ടെത്തിയത്. വിവരമറിഞ്ഞതോടെ നിരവധി പേരാണ് കിണർ കാണാൻ ഇവിടെ എത്തുന്നത്. ( kodungallur ancient well found )

മാലിന്യം നിക്ഷേപിക്കാൻ പുരയിടത്തിൽ കുഴിയെടുക്കുമ്പോഴാണ് കിണർ കണ്ടെത്തിയത്. കളിമൺ റിംഗുകൾ ഉപയോഗിച്ച് നിർമ്മിച്ച കിണറിന് കാലപ്പഴക്കത്തിലും കേടുപാടുകളില്ല. അടുത്തിടെ തമിഴ്‌നാട് കീലടിയിലെ ഉദ്ഖനനത്തിൽ കണ്ടെത്തിയ ടെറാക്കോട്ട റിംഗ് വെല്ലിനോട് സാമ്യമുണ്ട്. ടെറാക്കോട്ട റിംഗ് വെല്ലിന് 2,000 വർഷം പഴക്കം ഉണ്ടെന്നാണ് കാർബൺ ഏജ് ടെസ്റ്റിൽ വ്യക്തമായത്.

കളിമണ്ണിൽ ചുട്ടെടുത്ത 80 സെന്റീമീറ്റർ വ്യാസമുള്ള എട്ട് റിങ്ങുകൾ കൊണ്ടാണ് കിണർ നിർമ്മിച്ചിരിക്കുന്നത്. ഭൂനിരപ്പിൽ നിന്ന് ഏഴടി താഴ്ചയിൽ ആരംഭിക്കുന്ന കിണറിന് കാലപ്പഴക്കം ഏറുമെന്നാണ് നിഗമനം. അഡ്വാൻസ് കാർബൺ ഏജ് ടെസ്റ്റ് വഴി കൃത്യമായ പഴക്കം നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. തൃക്കണാ മതിലകവും, മുസിരിസും ഉൾപ്പെടുന്ന പ്രദേശത്തിന്റെ ചരിത്ര പ്രാധാന്യം പരിഗണിച്ചാൽ പ്രാചീന-പരിഷ്‌കൃത സമൂഹം ഇവിടെ താമസിച്ചിരുന്നതിന്റെ സൂചനയാണ് കളിമൺ കിണറെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡിസ് ഡയറക്ടർ എം.ആർ രാഘവ വാര്യർ ഉൾപ്പെടെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയും സ്ഥലം സന്ദർശിച്ചു. അതിപ്രാചീനമായ മനുഷ്യവാസത്തിന്റെ ശേഷിപ്പ്, ഭാവി തലമുറയ്ക്കും ചരിത്ര ഗവേഷകർക്കും ഏറെ ഉപകാരപ്പെടും. പുരാവസ്തു വകുപ്പിന്റെ അനുമതിയോടെ, കണ്ടെടുത്ത സ്ഥലത്തുതന്നെ കിണർ സംരക്ഷിക്കണമെന്നാണ് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ പാർത്ഥസാരഥി മാസ്റ്ററുടെ ആഗ്രഹം.

Story Highlights: kodungallur ancient well found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top