Advertisement

ഫിഫ അണ്ടർ 20 ലോകകപ്പ് : ഉറുഗ്വേക്ക് കന്നി കിരീടം; പരാജയപ്പെടുത്തിയത് ഇറ്റലിയെ

June 12, 2023
Google News 2 minutes Read
Imsge of Uruguay U-20

അർജന്റീന ആതിഥേയത്വം വഹിച്ച 2023 ലെ ഫിഫ അണ്ടർ 20 ലോകകപ്പ് കിരീടം ഉയർത്തി ഉറുഗ്വേ. ഡീഗോ മറഡോണ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇറ്റലിക്കെതിരെ ഉറുഗ്വേയുടെ വിജയം. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ അണ്ടർ 20 ലോകകപ്പ് കിരീടനേട്ടമാണിത്. Uruguay U-20 Won 2023 FIFA U-20 World Cup

ഇറ്റലിക്കെതിരായ ഉറുഗ്വേയുടെ ഫൈനൽ മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒരു പക്ഷെ, അധിക സമയത്തേക്കും പെനാൽറ്റിയിലേക്കും നീങ്ങുമെന്ന് കരുതിയ മത്സരത്തിൽ ഉറുഗ്വേയുടെ രക്ഷകനായി ഉദിച്ചത് ലൂസിയാനോ റോഡ്രിഗസ് ആയിരുന്നു. താരം 86-ാം മിനിറ്റിൽ നേടിയ ഹെഡറിലൂടെയാണ് ഉറുഗ്വേ കിരീടം ഉയർത്തിയത്.

ധാരാളം അവസരങ്ങൾ കളിക്കളത്തിൽ സൃഷ്ടിച്ചെങ്കിലും അവ ലക്ഷ്യത്തിൽ എത്തിക്കാൻ സാധിക്കാതെ പോയതാണ് ഉറുഗ്വേയെ പ്രതിരോധത്തിലാഴ്ത്തിയത്. എന്നാൽ, ഏഴു ഗോളുകളുമായി ടൂർണമെന്റിലെ ടോപ് സ്‌കോററായ ഇറ്റലിയുടെ സെസാരെ കസാഡെ ഫൈനലിൽ മികവിലേക്ക് ഉയരത്തിരുന്നത് ഇറ്റലിയെ ചതിച്ചു. ബ്രസീൽ, അർജന്റീന, ഇംഗ്ലണ്ട് തുടങ്ങിയ മുൻ നിര ടീമുകൾ വീണ ടൂർണമെന്റിൽ ഉറുഗ്വേയുടെ കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. 997ലും 2013ലും ടൂർണമെന്റിന്റെ ഫൈനലിൽ തോറ്റ ഉറുഗ്വേക്ക് ഈ കിരീടം സ്വപ്ന തുല്യമാണ്.

Read Also: ഇന്റർകോണ്ടിനന്റൽ കപ്പ്: രണ്ടാം ജയം തേടി ഇന്ത്യ ഇന്ന് വാനുവാടുവിനെതിരെ

ഇന്നലെ രാത്രി മൂന്നാം സ്ഥാനക്കാർക്ക് വേണ്ടി നടന്ന മത്സരത്തിൽ യുവ ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഇസ്രായേൽ, ദക്ഷിണ കൊറിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയിരുന്നു. ഇന്തോനേഷ്യയാണ് 2023 ലെ അണ്ടർ 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാൽ, ഇസ്രയേലിനെ പങ്കെടുക്കാൻ അനുവദിക്കില്ല എന്ന നിലപാട് അവർ സ്വീകരിച്ചു. തുടർന്ന്, കിക്കോഫിന് ഒരു മാസം മുമ്പ് ടൂർണമെന്റ് അർജന്റീനയിൽ നടത്താൻ ഫിഫ തീരുമാനിക്കുകയായിരുന്നു.

Story Highlights: Uruguay U-20 Won 2023 FIFA U-20 World Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here