ടെലിഗ്രാം ബോട്ടിൽ നിന്ന് പുറത്തുവന്ന വിവരങ്ങൾ കൊവിൻ ആപ്പിൽ നിന്നല്ല, ഇത് ഡാറ്റ ചോർച്ച ആണെന്നതിൽ തെളിവില്ല; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ടെലിഗ്രാം ബോട്ടിൽ നിന്ന് പുറത്തുവന്ന വിവരങ്ങൾ കൊവിൻ ആപ്പിൽ നിന്നുള്ളതല്ലെന്നും ഇത് ഡാറ്റ ചോർച്ച ആണെന്നതിൽ തെളിവില്ലെന്നും കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ടെലിഗ്രാം ബോട്ടിൽ നിന്ന് വരുന്ന വിവരങ്ങൾ ശെരിയാണോ തെറ്റാണോ എന്നത് അന്വേഷിക്കുന്നുണ്ട്. കൊവിൻ ആപ്പിന്റെ സുതാര്യത നഷ്ടപ്പെടുത്താൻ ആരോ ഉണ്ടാക്കിയ വിവരങ്ങൾ ആണ് ടെലിഗ്രാം ബോട്ടിൽ ഉള്ളത്. എവിടെ നിന്നാണ് വിവരങ്ങൾ വന്നത് എന്ന് അന്വേഷിക്കും. ( Rajeev Chandrasekhar Denied CoWIN Data Leak From Telegram Bot ).
ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഇക്കാര്യം അവലോകനം ചെയ്തിട്ടുണ്ട്. ടെലിഗ്രാം ബോട്ട് ആക്‌സസ് ചെയ്യുന്ന ഡാറ്റ, ഒരു ട്രീറ്റ് ആക്ടർ ഡാറ്റാബേസിൽ നിന്നുള്ള വിവരങ്ങളാണ്. മുമ്പ് ചോർന്ന ചില ഡാറ്റ ഇതിൽ അടങ്ങിയിരിക്കാം. CoWIN ആപ്പ് അല്ലെങ്കിൽ ഡാറ്റാബേസ് നേരിട്ട് ലംഘിച്ചതായി കാണുന്നില്ല. എല്ലാ സർക്കാർ പ്ലാറ്റ്‌ഫോമുകളിലും ഡാറ്റ സംഭരണം, ആക്‌സസ്, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയുടെ ഒരു പൊതു ചട്ടക്കൂട് സൃഷ്ടിക്കുന്ന ഒരു ദേശീയ ഡാറ്റാ ഗവേണൻസ് നയത്തിന് അന്തിമരൂപം നൽകിയിട്ടുണ്ടെന്നും ചന്ദ്രശേഖർ പറഞ്ഞു.
ട്വിറ്റർ മുൻ സി.ഇ.ഒയുടെ വെളിപ്പെടുത്തലിലും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. രാജ്യത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമായാണ് ട്വിറ്റർ പ്രവർത്തിച്ചതെന്നും അതുകൊണ്ടാണ് ട്വിറ്റർ ഓഫീസ് റൈഡ് ചെയ്തതെന്നുമാണ് രാജീവ് ചന്ദ്രശേഖറിന്റെ വിശദീകരണം. ട്വിറ്ററിന്റെ ചരിത്രത്തിലെ സംശയാസ്പദമായ കാലഘട്ടത്തിലെ ചിലതൊക്കെ മായ്ക്കാനാണ് അവർ കള്ളം പറയുന്നത്. ട്വിറ്ററിനുള്ള അധികാരം അവർ ദുരുപയോഗം ചെയ്യുകയാണ്. കഴിഞ്ഞ രണ്ടു വർഷം ജനങ്ങൾ അത് കണ്ടതാണെന്നും ട്വിറ്റർ വിവേചനപരമായാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഡോർസിയുടെ കാലത്ത് ട്വിറ്ററിന് ഇന്ത്യൻ നിയമത്തിന്റെ പരമാധികാരത്തെ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. തങ്ങൾക്ക് ഇന്ത്യയിലെ നിയമവ്യവസ്ഥ ബാധകമല്ലെന്ന മട്ടിലാണ് ഡോർസി പ്രവർത്തിച്ചിരുന്നത്. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും ഇവിടത്തെ നിയമം അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്നനിലയിൽ ഇന്ത്യയ്ക്ക് അവകാശമുണ്ട്. കർഷക സമരത്തിനിടെ വംശഹത്യകൾ നടന്നു എന്ന വ്യാജപ്രചരണങ്ങളാണ് നടന്നതെന്നും അത് നീക്കം ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Rajeev Chandrasekhar Denied CoWIN Data Leak From Telegram Bot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here