സംസ്ഥാനത്തു വാഹനങ്ങളുടെ വേഗ പരിധി പുതുക്കി; പുതിയ വേഗപരിധി ജൂലൈ 1 ന് നിലവിൽ വരും

സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനർ നിശ്ചയിക്കുവാൻ സർക്കാർ തീരുമാനിച്ചത്. ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററിൽ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും. ജൂലൈ 1 മുതൽ പുതുക്കിയ വേഗ പരിധി നിലവിൽ വരും. Kerala revised speed limit for vehicles and come effect on July 1
ആറ് വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, നാല് വരി ദേശീയ പാതയിൽ 100 കിലോമീറ്റർ (മുൻപ് 90 കിലോമീറ്റർ), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ (മുൻപ് 85 കിലോമീറ്റർ), മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിലോമീറ്റർ (മുൻപ് 80 കിലോമീറ്റർ), മറ്റു റോഡുകളിൽ 70 കിലോമീറ്റർ, നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് ഒൻപത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദനീയമായ വേഗപരിധി.
ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് ആറ് വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, നാല് വരി ദേശീയ പാതയിൽ 90 കിലോമീറ്റർ (മുൻപ് 70 കിലോമീറ്റർ), മറ്റ് ദേശീയപാത, എം.സി. റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയിൽ 85 കിലോമീറ്റർ (മുൻപ് 65 കിലോമീറ്റർ), മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിലോമീറ്റർ (മുൻപ് 65 കിലോമീറ്റർ), മറ്റു റോഡുകളിൽ 70 കിലോമീറ്റർ (മുൻപ് 60 കിലോമീറ്റർ), നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് ആറ് വരി, നാല് വരി ദേശീയപാതകളിൽ 80 കിലോമീറ്റർ (മുൻപ് 70 കിലോമീറ്റർ) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും നാല് വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും (മുൻപ് 65 കിലോമീറ്റർ) മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും (മുൻപ് 60 കിലോമീറ്റർ) മറ്റ് റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളിൽ 50 കിലോമീറ്റർ ആയും നിജപ്പെടുത്തും.
സംസ്ഥാനത്ത് റോഡപകടങ്ങളിൽ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാൽ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററിൽ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും. സംസ്ഥാനത്ത് 2014-ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ 1 മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഉന്നതതല യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ IAS, അഡീ. ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ IOFS തുടങ്ങിയവർ പങ്കെടുത്തു.
Story Highlights: Kerala revised speed limit for vehicles and come effect on July 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here