തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി റിമാൻഡിൽ; ഡിഎംകെ നൽകിയ ജാമ്യഹർജി നാളെ പരിഗണിക്കും

കൈക്കൂലി വാങ്ങിയെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് ആരോഗ്യ മന്ത്രി സെന്തിൽ ബാലാജി റിമാൻഡിൽ. ജൂൺ 28 വരെയാണ് റിമാൻഡ്. 17 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ആണ് ഇന്നലെ ഇ ഡി മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സെന്തിൽ ബാലാജിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയാണ് സെന്തിൽ ബാലാജിയെ ചെന്നൈ സെഷൻസ് കോടതി ജഡ്ജ് അല്ലി റിമാൻഡ് ചെയ്തത്. തുടർന്നാണ്, സെന്തിൽ ബാലാജിയ്ക്ക് ജാമ്യം അനുവദിയ്ക്കണമെന്ന് ഹർജി ഡിഎംകെ സമർപ്പിച്ചത്. ജാമ്യ ഹർജി ചെന്നൈ സെഷൻസ് കോടതി നാളെ പരിഗണിക്കും. TN Court to Consider Bail Plea for Senthil Balaji Tomorrow
സെന്തിൽ ബാലാജിയുടെ അറസ്റ്റ് റദ്ദാക്കണമെന്ന ആവശ്യമാണ് ഡിഎംകെ ഉയർത്തുന്നത്. ബാലാജിയ്ക്ക് മാനുഷിക പരിഗണന നൽകിയില്ലെന്ന് അഭിഭാഷകൻ അറിയിച്ചു. അറസ്റ്റിന് മുൻപ് നോട്ടിസോ സമൻസോ നൽകിയില്ല. അറസ്റ്റ് നടത്തിയത് നിയമവിരുദ്ധമായെന്നും ജാമ്യം അനുവദിക്കണമെന്നും വ്യക്തമാക്കി മുതിർന്ന അഭിഭാഷകൻ എൻ ആർ ഇളങ്കോ സെന്തിൽ ബാലാജിയ്ക്കായി വാദിക്കും. എന്നാൽ, സെന്തിൽ ബാലാജിക്ക് ജാമ്യം അനുവദിക്കരുതെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറിയിച്ചു. ചികിത്സയ്ക്ക് കോടതി നിരീക്ഷണത്തിൽ ഡോക്ടർമാരുടെ സംഘത്തെ നിയോഗിയ്ക്കണമെന്നും ഇഡി ആവശ്യം ഉന്നയിക്കും.
തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയ്ക്ക് എതിരായ ഇ.ഡി അന്വേഷണവും നടപടിയും സുപ്രിം കോടതി അനുമതിയോടെയാണ് നടന്നത്. സെന്തിൽ ബാലാജിയ്ക്ക് എതിരെ നടപടി എടുക്കാൻ സുപ്രിം കോടതി ഇ.ഡി യെ അനുവദിച്ചിരുന്നു. അഴിമതി വഴി പണം കൈപറ്റുന്നത് പണം കള്ളപ്പണം ആണെന്നാണ് സുപ്രിം കോടതി നിരിക്ഷണം. മേയ് 16നാണ് സെന്തിൽ ബാലാജി നല്കിയ അപ്പീൽ സുപ്രിം കോടതി തള്ളിയത്. സെന്തിൽ ബാലാജിയ്ക്ക് എതിരായ തെളിവുകൾ ഗൗരവ സ്വഭാവത്തിലുള്ളതാണെന്നാണ് സുപ്രിം കോടതി നിരിക്ഷണം. ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. നിലവിൽ ഡിഎംകെ സർക്കാരിൽ വൈദ്യുതി – എക്സൈസ് മന്ത്രിയാണ്.
Story Highlights: TN Court to Consider Bail Plea for Senthil Balaji Tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here