യുവേഫ നേഷൻസ് ലീഗ്; നെതർലൻഡ്സിനെ വീഴ്ത്തി ക്രൊയേഷ്യ ഫൈനലിൽ

യുവേഷ നേഷൻസ് ലീഗിൽ നെതർലൻഡ്സിനെ വീഴ്ത്തി ക്രൊയേഷ്യ ഫൈനലിൽ. നിശ്ചിത സമയവും കടന്ന് അധികസമയത്തേക്ക് നീണ്ട സെമിയിൽ 4-2 എന്ന സ്കോറിനായിരുന്നു ക്രൊയേഷ്യയുടെ ജയം. ആന്ദ്രേ ക്രെമരിച്, മരിയോ പസലിച്, ബ്രൂണോ പെറ്റ്കോവിച്, ലൂക്ക മോഡ്രിച് എന്നിവർ ക്രൊയേഷ്യക്കായും ഡോണ്യെൽ മലെൻ, നോവ ലാങ്ങ് എന്നിവർ നെതർലൻഡ്സിനായും സ്കോർ ചെയ്തു. സ്പെയിനും ഇറ്റലിയും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളാവും ഫൈനലിൽ ക്രൊയേഷ്യയുടെ എതിരാളികൾ.
34ആം മിനിട്ടിൽ ഡോണ്യെൽ മലെനിലൂടെ നെതർലൻഡ്സ് ആണ് ആദ്യം സ്കോർ ചെയ്തത്. 55ആം മിനിട്ടിൽ ഒരു പെനാൽറ്റിയിലൂടെ ക്രെമരിച് ക്രൊയേഷ്യയ്ക്ക് സമനില സമ്മാനിച്ചു. 72ആം മിനിട്ടിൽ പസലിച് ക്രൊയേഷ്യക്ക് കളിയിൽ ആദ്യമായി ലീഡ് സമ്മാനിച്ചു. ക്രൊയേഷ്യ വിജയത്തിലേക്ക് കുതിക്കവെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ നോവ ലാങ്ങ് നെതർലൻഡിനു സമനില നൽകി. ഇതോടെ കളി അധികസമയത്തിലേക്ക്. 98ആം മിനിട്ടിൽ പെറ്റ്കോവിചിലൂടെ വീണ്ടും ലീഡെടുത്ത ക്രൊയേഷ്യ 116ആം മിനിട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ വിജയമുറപ്പിച്ചു. മോഡ്രിച് ആണ് കിക്കെടുത്തത്.
അവസാനത്തെ 16 മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് ക്രൊയേഷ്യ പരാജയപ്പെട്ടത്. അർജൻ്റീനയായിരുന്നു ആ മത്സരത്തിൽ എതിരാളികൾ.
Story Highlights: uefa nations league croatia won netherlands
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here