Advertisement

ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന കേസ്: മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം

June 17, 2023
1 minute Read
Life imprisonment for Monson mavunkal pocso case

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം. എറണാകുളം പോക്‌സോ കോടതിയാണ് മോന്‍സണെതിരെ വിധി പ്രസ്താവിച്ചത്. മോന്‍സണെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കോടതിയുടെ വിധി. മോന്‍സണ്‍ അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി പറഞ്ഞു. ( Life imprisonment for Monson mavunkal pocso case)

മോന്‍സണെതിരായ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് അതിജീവിത ട്വന്റിഫോറിനോട് പ്രതികരിച്ചു. സര്‍ക്കാര്‍ ഒപ്പം നിന്നുവെന്നും ക്രൈംബ്രാഞ്ചിന് നന്ദിയുണ്ടെന്നും അതിജീവിത കൂട്ടിതച്ചേര്‍ത്തു.

2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുഴുവന്‍ വകുപ്പുകളിലും മോന്‍സണ്‍ കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി വിധി പറഞ്ഞു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ മോന്‍സണ് ജാമ്യം ലഭിച്ചിരുന്നെങ്കിലും ഈ കേസില്‍ മാത്രമാണ് ജാമ്യം ലഭിക്കാതിരുന്നത്. പോക്‌സോ കേസില്‍ കുറ്റക്കാരനെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതോടെ മോന്‍സണ്‍ ഇനിയും ജയിലില്‍ തന്നെ തുടരും.

രണ്ട് വര്‍ഷത്തോളം കാലം തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ആ കാലയളവില്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നുമാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. എന്തുകൊണ്ട് പരാതി പറയാന്‍ വൈകിയെന്നും ഇത് തന്നെ കുടുക്കാനുള്ള ശ്രമമാണെന്നുമായിരുന്നു മോന്‍സന്റെ വാദം. എന്നാല്‍ ഭീഷണി ഭയന്നാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പോക്‌സോ നിയമത്തിലെ 7,8 വകുപ്പുകളും ഐപിസി 370 (പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുവയ്ക്കല്‍), 342 (അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍), 354 എ ( സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം), 376 (ബലാത്സംഗം), 313 (സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍), 506( ഭീഷണിപ്പെടുത്തല്‍) മുതലായവയാണ് മോന്‍സണെതിരെ ചുമത്തിയിരുന്നത്. ഇതിലെല്ലാം മോന്‍സണ്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു.

മോന്‍സന്റെ വീട്ടില്‍ ജോലി ചെയ്തുവന്നിരുന്ന സ്ത്രീയുടെ മകളാണ് കേസിലെ പരാതിക്കാരി. കുട്ടിയ്ക്ക് വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ ചൊവ്വാഴ്ച അന്തിമ വാദം പൂര്‍ത്തിയാക്കിയ ശേഷം കോടതി ഇന്ന് വിധി പറയുമെന്ന് നിശ്ചയിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top