ബിജെപി നേതാവ് ഖുശ്ബുവിനെതിരെ അപകീർത്തികരമായ പരാമർശം; ശിവാജി കൃഷ്ണമൂർത്തി അറസ്റ്റിൽ

ദേശീയ വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡിഎംകെയുടെ ചീഫ് എക്സിക്യൂട്ടീവ് സ്പീക്കർമാരിൽ ഒരാളായ ശിവാജി കൃഷ്ണമൂർത്തി അറസ്റ്റിൽ. ചെന്നൈ കൊടുങ്ങയൂർ പൊലീസാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. കൃഷ്ണ മൂർത്തിയെ പാർട്ടിയുടെ അടിസ്ഥാന അംഗത്വം ഉൾപ്പെടെയുള്ള എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും നീക്കം ചെയ്തതായി ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ അറിയിച്ചു. ( Defamatory remarks against Khushbu; Shivaji Krishnamoorthy arresed ).
അടുത്തിടെ ഡിഎംകെയുടെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് പാർട്ടി വക്താവ് ശിവാജി കൃഷ്ണമൂർത്തി സ്ത്രീകളെ അപകീർത്തിപ്പെടുത്തുകയും ഖുശ്ബുവിന്റെ പേര് പരാമർശിക്കുകയും അസഭ്യം പറയുകയും ചെയ്തത്. പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടി ഖുശ്ബു ശിവാജി കൃഷ്ണമൂർത്തിയുടെ പ്രസംഗത്തെ അപലപിച്ചിരുന്നു. സ്ത്രീകളെ ഇകഴ്ത്താൻ ഡിഎംകെയ്ക്ക് ആരാണ് അവകാശം നൽകിയത്? തന്നെപ്പോലുള്ള സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നവരെ ഡിഎംകെ പിന്തുണയ്ക്കുന്നു. ഡിഎംകെ വക്താവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഖുശ്ബു പ്രതികരിച്ചു.
“ഞാൻ എനിക്ക് വേണ്ടി മാത്രമല്ല സംസാരിക്കുന്നത്, എല്ലാ സ്ത്രീകൾക്ക് വേണ്ടിയാണ് ഇത് പറയുന്നത്. എന്റെ പെൺമക്കൾക്ക് മാതൃകയാകാൻ ആഗ്രഹിക്കുന്നു”- വാർത്താ സമ്മേളനത്തിൽ കണ്ണീരോടെ ഖുശ്ബു പറഞ്ഞു. തങ്ങളുടെ പാർട്ടി വക്താവിന്റെ അപകീർത്തികരമായ പ്രസംഗത്തെ അപലപിക്കാൻ ഡിഎംകെയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയോ മറ്റാരെങ്കിലുമോ ഇതുവരെ രംഗത്തെത്തിയിട്ടില്ലെന്നും ഖുശ്ബു ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് നടപടി. ശിവാജി കൃഷ്ണമൂർത്തിയെ നേരത്തെ വിരുഗംപാക്കത്ത് നടന്ന യോഗത്തിൽ അപകീർത്തികരമായി സംസാരിച്ചതിന് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Story Highlights: Defamatory remarks against Khushbu; Shivaji Krishnamoorthy arresed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here