എം.വി ഗോവിന്ദനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ല,’ആ പരിപ്പ് കേരളത്തിൽ വേവില്ല’: പി.എ മുഹമ്മദ് റിയാസ്

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സിപിഐഎം സെക്രട്ടറിമാരെ വളഞ്ഞിട്ടടിക്കുന്ന രീതി നേരത്തെയും കേരളത്തിൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(P A Muhmmad Riyas against K Sudhakaran)
രാഷ്ട്രീയ നേതാവാണെങ്കിൽ ‘തറവാടിത്തം’ വേണമെന്നാണ് ഇന്ന് കെ.പി.സി.സി പ്രസിഡന്റ് സിപിഐഎം സെക്രട്ടറിയെ കുറിച്ച് പറഞ്ഞത്. കെ.പി.സി.സി പ്രസിഡന്റ് പേറുന്ന പുളിച്ച ഫ്യൂഡൽ ബോധങ്ങളാണ് ഇങ്ങനെ പറയിപ്പിക്കുന്നത്.
Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും
രാഷ്ട്രീയ നേതാവിന് ‘മിതത്വം’ വേണമെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞുവയ്ക്കുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും ‘മിതത്വം’ കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളികൾ വല്ലാതെ സഹിക്കുന്നുണ്ടെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
“ആ പരിപ്പ് കേരളത്തിൽ ഇനിയും വേവില്ല”
സി.പി.ഐ(എം) സെക്രട്ടറിയായി സഖാവ് ഗോവിന്ദൻ മാഷ് ചുമതലയേറ്റത് മുതൽ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചില മാന്യൻമാർ. മുൻകാലങ്ങളിലും സി.പി.ഐ(എം) സെക്രട്ടറിമാർക്കെതിരെ സമാനരീതിയിൽ മാന്യൻമാരുടെ വളഞ്ഞിട്ടടി കേരളത്തിൽ ഉണ്ടായിട്ടുണ്ട്. സി.പി.ഐ(എം) നെയാണ് അതിലൂടെ ഉന്നം വെക്കുന്നത് എന്നത് വ്യക്തമാണ്.
അന്നും ഇന്നും എന്നും ഇത്തരം ഗൂഢ നീക്കങ്ങളെ ഞങ്ങൾ പ്രതിരോധിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാവാണെങ്കിൽ “തറവാടിത്തം” വേണമെന്നാണ് ഇന്ന് കെപിസിസി പ്രസിഡൻറ്റ് സി.പി.ഐ (എം) സെക്രട്ടറിയെ കുറിച്ച് പറഞ്ഞത്. കെപിസിസി പ്രസിഡന്റ് പേറുന്ന പുളിച്ച ഫ്യൂഡൽ ബോധങ്ങളാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവിന് “മിതത്വം” വേണമെന്നും കെപിസിസി പ്രസിഡൻറ്റ് പറഞ്ഞുവെക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിൻ്റെയും “മിതത്വം” കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളികൾ വല്ലാതെ സഹിക്കുന്നുണ്ട്.
മാധ്യമ തമ്പുരാക്കന്മാരുടെയും ഫ്യൂഡൽ മാടമ്പിത്തരം പറയുന്ന കോൺഗ്രസ് നേതാക്കളുടെയും ജല്പനങ്ങൾ കൊണ്ട് ഈ പ്രസ്ഥാനത്തിനും അതിന്റെ അമരക്കാരനും പോറലേൽക്കുമെന്ന് ആരും വ്യാമോഹിക്കേണ്ട. ആ പരിപ്പ് കേരളത്തിൽ ഇനിയും വേവില്ല.
Story Highlights: P A Muhmmad Riyas against K Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here