ഒഡിഷ ട്രെയിൻ ദുരന്തം: പരുക്കേറ്റ ഒരാൾ കൂടി മരണപ്പെട്ടു; മരണസംഖ്യ 292

ഒഡിഷ ട്രെയിൻ അപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരണത്തിന് കീഴടങ്ങിയതോടെദുരന്തത്തിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണം 292 ആയി. കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പല്‌തു നസ്‌കർ ഇന്ന് രാവിലെ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നസ്‌കർ ജൂൺ 17 മുതൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. One More Dies in Odisha Train Disaster and Death Toll rises to 292
അപകടത്തിൽ പരുക്കേറ്റ 205 പേരെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലുള്ള 45 പേരിൽ 12 പേർ ഐസിയുവിലാണ്. അവരിൽ രണ്ടു പേരുടെ നില ഗുരുതരവുമാണ്.
ഒഡിഷ ട്രെയിൻ അപകടത്തിൽ അഞ്ച് പേരെ സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബഹനഗ ബസാർ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ഗേറ്റ് മാൻ എന്നിവരടക്കം അഞ്ച് പേരാണ് കസ്റ്റഡിയിൽ ഉള്ളത്. ഒൻപത് റെയിൽവേ ഉദ്യോഗസ്ഥർ സിബിഐയുടെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം.100 ഓളം പേരെ സിബിഐ സംഘം ഇതിനോടകം ചോദ്യം ചെയ്തു. നിലവിൽ പത്തംഗ സിബിഐ സംഘം ബാലസോറിൽ തന്നെ തുടരുകയാണ്.
ബാലസോർ ട്രെയിൻ അപകടത്തിന് പിന്നിൽ അട്ടിമറി എന്ന സംശയത്തെ തുടർന്നാണ്, റെയിൽവേ അന്വേഷണം സിബിഐയെ ഏൽപ്പിച്ചത്. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അട്ടിമറിയെ കുറിച്ച് പരാമർശിച്ചിരുന്നില്ല.
Read Also: ഒഡിഷ ട്രെയിൻ അപകടം; അഞ്ച് പേരെ സിബിഐ കസ്റ്റഡിയിലെടുത്തു
IPC ചട്ടം 337, 338, 304A, റെയിൽവേ ചട്ടം 153, 154, 175 എന്നിവ അനുസരിച്ചാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. മരണത്തിന് ഇടയാക്കിയ അശ്രദ്ധ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സിബിഎസ് സംഘം അപകടസ്ഥലം വീണ്ടും സന്ദർശിച്ച് പരിശോധന നടത്തും. അപകടം സംബന്ധിച്ച സംയുക്ത പരിശോധനാ റിപ്പോർട്ടിൽ മുതിർന്ന റെയിൽവേ എഞ്ചിനീയർ വിയോജനക്കുറിപ്പ് നൽകിയിരുന്നു. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണമെന്ന റിപ്പോർട്ടിലാണ് വിയോജിപ്പ്. സിഗ്നൽ തകരാറല്ല അപകടത്തിന് ഇടയാക്കിയതെന്നും കോറമാണ്ടൽ എക്‌സ്പ്രസിന് ലൂപ്പ് ലൈനിലേക്കല്ല മെയിൻ ലൈനിലേക്കാണ് ഗ്രീൻ സിഗ്നൽ നൽകിയിരുന്നതെന്നും വിയോജനകുറിപ്പിൽ പറയുന്നു.
Story Highlights: One More Dies in Odisha Train Disaster and Death Toll rises to 292
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here