യുവേഫ നേഷൻസ് ലീഗ്; സ്പെയിൻ ജേതാക്കൾ; ക്രൊയേഷ്യയെ തകർത്തത് ഷൂട്ട് ഔട്ടിൽ

അന്താരാഷ്ട്ര ഫുട്ബോൾ ഫൈനലിൽ വീണ്ടും ക്രൊയേഷ്യയുടെ കണ്ണീർ. ക്രൊയേഷ്യയെ പരാജയപ്പെടുത്തി യുവേഫ നേഷൻസ് ലീഗ് ജേതാക്കളായി സ്പെയിൻ. മുഴുവൻ സമയവും അധിക സമയവും ഗോൾ രഹിതമായതിനെ തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങി. ഷൂട്ട് ഔട്ടിൽ ഇരട്ട സേവുകളുമായി സ്പാനിഷ് ഗോൾകീപ്പർ ഉനൈ സൈമൺ തിളങ്ങിയതോടെയാണ് ക്രോയേഷ്യക്ക് കിരീടം കൈവിട്ടത്. അതോടെ, ലോക ഫുട്ബോളിൽ ഒരു മേജർ കിരീടം നേടുക എന്ന സ്വപ്നം വീണ്ടും ക്രൊയേഷ്യയിൽ നിന്നും നായകൻ ലൂക്ക മോഡ്രിച്ചിൽ നിന്നും അകന്നു നിന്നു. സ്പെയിനിനാകട്ടെ മുഖ്യപരിശീലകനായിരുന്ന ലൂയിസ് എൻറിക്കക്ക് പകരം നിയമിതനായ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ കീഴിൽ നേടുന്ന ആദ്യ കിരീട നേട്ടം കൂടിയാണ് ഇത്. അതും ടീമിനൊപ്പമുള്ള നാലാമത്തെ മാത്രം മത്സരത്തിൽ. Spain beat Croatia in UEFA Nations League Final
സെമി ഫൈനലിൽ ഇറ്റലിക്കെതിരെ വിജയം കണ്ടെത്തിയ ടീമിൽ നിന്നും രണ്ടു മാറ്റങ്ങളുമായാണ് സ്പെയിൻ ഇന്ന് ഇറങ്ങിയത്. മൈക്ക് മെറിനോക്ക് പകരം ഫേബറിന് റുഗീസും റോഡ്രിഗോക്ക് പകരം അസെൻസിയോയും കളിക്കളത്തിലിറങ്ങി. ഒരു മാറ്റമാണ് ക്രോയേഷ്യക്ക് ഉണ്ടായിരുന്നത്. ഡൊമഗോജ് വിദക്ക് പകരമെത്തിയത് മാർട്ടിൻ ഏർലിച്ച്. ഫൈനൽ തേർഡിൽ ഇരു ടീമുകളും നിറം മങ്ങിയ ആദ്യ പകുതിയായിരുന്നു മത്സരത്തിന്റേത്. ഒരു ഗോൾ നേടാൻ ഇരു ടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും വിഫലമായി. 21 ഷോട്ടുകൾ തൊടുത്തിട്ടും സ്പെയിനിന് ലക്ഷ്യം കാണാൻ സാധിക്കാതിരുന്നത് ബോക്സിനു മുന്നിൽ വന്മതില് കെട്ടിയ ക്രൊയേഷ്യയുടെ പ്രതിരോധ നിരയുടെ അസാമാന്യമായ പ്രകടനമായിരുന്നു.
Read Also: ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ; ഇന്ത്യയ്ക്ക് കിരീടം
മുഴുവൻ സമയത്തും അധിക സമയത്തും സമനില പാലിച്ചതോടെ മത്സരം ഷൂട്ട് ഔട്ടിലേക്ക് നീങ്ങി. ലോവ്‌റോ മജർ, ബ്രൂണോ പെറ്റ്‌കോവിച്ച് എന്നിവരുടെ പെനാൽറ്റികൾ സ്പാനിഷ് ഗോൾകീപ്പർ തടഞ്ഞിട്ടതാണ് മത്സരത്തിൽ വഴിത്തിരിവായത്. സ്പെയിൻ താരം ലപോർട്ട എടുത്ത പെനാൽറ്റി ക്രോസ് ബാറിൽ തട്ടി നഷ്ടമായി. അവസാന ഷോട്ട് ലക്ഷ്യത്തിൽ എത്തിച്ച ഡാനിയേൽ കാർവാജൽ സ്പെയിനിനെ വിജയ കിരീടത്തിന് അടുത്തെത്തിച്ചു.
Story Highlights: Spain beat Croatia in UEFA Nations League Final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here