‘പാർട്ടിയോട് നടത്തിയത് കൊടും ചതി’; നിഖിൽ തോമസിനെ കൈവിട്ട് സിപിഐഎം

നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടും ചതിയെന്ന് കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ. നിഖിൽ തോമസിനെതിരെ അന്വേഷണം ഉണ്ടാകും. ഇതുവരെ നിഖിലിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. നിഖിലിനെ ബോധപൂർവ്വം പാർട്ടിക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകും. കോളജിൽ പ്രവേശനം നേടണമെന്ന് ആവശ്യപ്പെട്ട് തോമസ് സിപിഐഎമ്മിനെ സമീപിച്ചിട്ടുണ്ട്. നിഖിൽ തോമസിന് അഡ്മിഷൻ ലഭിക്കാൻ സിപിഐഎം മാനേജ്മെന്റിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്ന് കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ വ്യക്തമാക്കി.
അതേസമയം നിഖിൽ തോമസിനെതിരെ പരാതി നൽകാൻ നടപടി തുടങ്ങി കലിംഗ സർവകലാശാല. നിഖിലിൻ്റെ വിലാസം അടക്കം രേഖകൾ സർവകലാശാല ലീഗൽ സെൽ ശേഖരിക്കുന്നു. കേരളത്തിൽ നേരിട്ടോ അല്ലാതെയോ പഠന കേന്ദ്രം ഇല്ലെന്നും സർവകലാശാല വ്യക്തമാക്കി. നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഇന്നലെ കലിംഗ സർവ്വകലാശാല രംഗത്ത് വന്നിരുന്നു. നിഖിൽ തോമസ് എന്നൊരു വിദ്യാർത്ഥി അവിടെ പഠിച്ചിട്ടില്ലെന്നായിരുന്നു കലിംഗ സർവ്വകാലാശാലയുടെ വെളിപ്പെടുത്തൽ.
എന്നാൽ പിജി പ്രവേശനത്തിന് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റ് ഒറിജിനൽ ആണെന്ന് എസ്.എഫ്.ഐ സംസ്ഥാനനേതൃത്വം. കേരള സർവകലാശാലയിലെ ഡിഗ്രി കോഴ്സ് അവസാനിപ്പിച്ച ശേഷമാണ് കലിംഗയിൽ നിഖിൽ തോമസ് ചേർന്നത് . റെഗുലർ കോഴ്സ് പഠിച്ചാണ് നിഖിൽ പാസായതെന്ന് പറയുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പക്ഷേ ഹാജരിന്റെ കാര്യത്തില്‍ സ്ഥിരീകരണത്തിന് തയ്യാറായില്ല.
Story Highlights: CPIM Kayamkulam on nikhil thomas case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here