തെരുവുനായ്ക്കളുടെ സ്വന്തം കേരളം; മുഖ്യമന്ത്രിയും മന്ത്രിമാരും സുഖനിദ്രയിലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ

തെരുവ് നായ്ക്കളുടെ കടിയേറ്റ് ജനങ്ങൾ ഇഞ്ചിഞ്ചായി മരിക്കുകയും പേടിച്ചുവിറച്ച് വീടിനു പുറത്തിറങ്ങാതിരിക്കുകയും ചെയ്യുന്ന അതീവ സ്‌ഫോടാനാത്മകമായ സാഹചര്യം ഉണ്ടായിട്ടും സംസ്ഥാന സർക്കാരിന്റെ മുഴുവൻ ശ്രദ്ധയും നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്നതിനും മാധ്യമപ്രവർത്തകരെ വേട്ടയാടുന്നതിനും എസ്എഫ്‌ഐ കുറ്റവാളികളെ ഒളിപ്പിക്കുന്നതിലുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. K. Sudhakaran slams Ministry on Stray dogs menace in Kerala
കേരളത്തിലെ സാഹചര്യം അതീവഗുരുതരം എന്നാണ് തദ്ദേശമന്ത്രി എംബി രാജേഷ് ഒരാഴ്ചമുമ്പു പറഞ്ഞത്. തെരുവ്‌നായക്കൾക്കെതിരേ കർമപദ്ധതി, സുപ്രീംകോടതിയിൽ അപ്പീൽ, തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ ഫണ്ട്, മുഖ്യമന്ത്രിയുമായി ചർച്ച, വളർത്തുനായക്കൾക്ക് രജിസ്‌ട്രേഷൻ തുടങ്ങിയ മന്ത്രിയുടെ വീരസ്യങ്ങൾക്കൊടുവിൽ പവനായി ശവമായി എന്നതാണ് അവസ്ഥ. കണ്ണൂർ മുഴപ്പിലങ്ങാടിയിൽ നിഹാലിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നതിന്റെ തൊട്ടടുത്താണ് ജാൻവിയ എന്ന 9 കാരിയെയും ഇതേ നായ്ക്കൾ കഴിഞ്ഞ ദിവസം ആക്രമിച്ചത്. നിഹാലിന്റെ വീട്ടിൽ കഴിഞ്ഞ സന്ദർശനം നടത്തിയ താൻ കരളുരുകുന്ന കാഴ്ചകളാണ് കണ്ടതെന്നും കേരളത്തിന്റെ മുക്കിലും മൂലയിലും സമാനമായ കാഴ്ചകളുണ്ടെന്നും സുധാകരൻ പറഞ്ഞു.
തെരുവുനായ പ്രശ്‌നത്തിന്റെ എല്ലാ ഉത്തരവാദിത്വവും കേന്ദ്രത്തിന്റെ തലയിൽ കെട്ടിവച്ച് മുഖ്യമന്ത്രിയും മന്ത്രിയും കയ്യും കെട്ടിയിരിക്കുകയാണ്. നിയമപരമായ പ്രശ്രനങ്ങളുണ്ടെങ്കിൽ അതിന് നിയമപരമായ പരിഹാരവുമുണ്ട്. കയ്യും കെട്ടിയിരുന്നാൽ പരിഹാരം മന്ത്രിയെ തേടിവരില്ല. വിദേശയാത്രയിൽ ഹരംപിടിച്ച മുഖ്യമന്ത്രിക്ക് ഇപ്പോൾ അന്തർദേശീയ പ്രശ്‌നങ്ങളിൽ മാത്രമേ താത്പര്യമുള്ളു. ഇത്രയും സങ്കീർണവും ഗുരുതരവുമായ ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗമോ, സർവകക്ഷി യോഗമോ വിളിച്ചിട്ടില്ല.
കേരളത്തിൽ തെരുവുനായക്കളുടെ കടിയേല്ക്കുന്നവരുടെ എണ്ണം ഓരോ വർഷവും പെരുക്കുകയാണ്. 2017- 1.35 ലക്ഷം, 2018- 1.48 ലക്ഷം, 2019- 1.61 ലക്ഷം, 2020- 1.60 ലക്ഷം, 2021- 2.21 ലക്ഷം, 2022- 2.34 ലക്ഷം എന്നിങ്ങനെയാണ്. രാജ്യത്തു തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2021-22ൽ 5.71 ലക്ഷം പേർക്ക് കേരളത്തിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടി വന്നെന്ന് ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) ചൂണ്ടിക്കാട്ടുന്നു. 2021ൽ 21 പേരെ തെരുവുനായക്കൾ കടിച്ചുകീറി കൊന്നപ്പോൾ 2022ൽ 23 പേർ കൊല്ലപ്പെട്ടു.
Read Also: തെരുവുനായ കൂട്ടം ആക്രമിച്ച മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു; തലയിലും കാലിലും ആഴത്തില്‍ മുറിവ്
നഗരപ്രദേശങ്ങളിൽ തെരുവുനായക്കളാണെങ്കിൽ ഗ്രാമങ്ങളിൽ വന്യമൃഗ ആക്രമണമാണ് നടക്കുന്നത്. സംസ്ഥാനത്ത് 2020-21ൽ വന്യജീവി ആക്രമണത്തിൽ 88 പേർ മരിച്ചപ്പോൾ 988 പേർക്ക് പരിക്കേറ്റു. ജനങ്ങൾക്കെതിരേ ഇത്രയും വലിയ ആക്രമണം നടക്കുമ്പോൾ എങ്ങനെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുഖമായി ഉറങ്ങാൻ കഴിയുന്നു എന്നത് മനുഷ്യസ്‌നേഹിക്കളെ അമ്പരപ്പിക്കുന്നുവെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
Story Highlights: K. Sudhakaran slams Ministry on Stray dogs menace in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here