അക്കൗണ്ടില്‍ നിന്ന് 1700 രൂപ പിടിച്ചു; പക തീര്‍ക്കാന്‍ എടിഎം കൗണ്ടറിലേക്ക് പടക്കമെറിഞ്ഞ് യുവാവ്

തൃശൂര്‍ നഗരത്തിലെ ഇസാഫ് ബാങ്കിന്റെ എടിഎം കൗണ്ടറിലേയ്ക്ക് യുവാവ് പടക്കമെറിഞ്ഞു. പാട്ടുരായ്ക്കല്‍ ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെ എടിഎം കൗണ്ടറില്‍ ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. പടക്കമെറിഞ്ഞ പത്തനംതിട്ട സ്വദേശി രജീഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. (young man threw firecrackers at the ATM counter Thrissur)
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പത്തനംതിട്ട സ്വദേശി രജീഷ് ആണ് സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് തിരിച്ചറിഞ്ഞത്. ഉഗ്രശബ്ദം കേട്ട് സമീപത്തെ ബാങ്കില്‍ നിന്നടക്കം ആളുകള്‍ പുറത്തേക്കിറങ്ങിയോടി. പിന്നീടാണ് എടിഎം കൗണ്ടറില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോയെന്നതടക്കം സംശയിച്ചുവെങ്കിലും പിന്നീട് വെടിമരുന്നിന്റെ ഗന്ധം അനുഭവപ്പെടുകയായിരുന്നു. ഇതനുസരിച്ചുള്ള പരിശോധനയിലാണ് എ.ടി.എം കൗണ്ടറിലേക്ക് ചൈനീസ് നിര്‍മ്മിത ഉഗ്ര ശേഷിയുള്ള പടക്കം എറിഞ്ഞതെന്ന് കണ്ടെത്തിയത്.
രജീഷിന്റെ ഇസാഫ് ബാങ്ക് അക്കൗണ്ടില്‍ നിന്നും 1,700 രൂപ ബാങ്ക് പിടിച്ചത് സംബന്ധിച്ച തര്‍ക്കമാണ് സ്‌ഫോടകവസ്തു എറിയുന്നതിലെത്തിയത്. ഇത് സംബന്ധിച്ച് ബാങ്കിലെത്തി ഉദ്യോഗസ്ഥരുമായി വാക്ക്തര്‍ക്കത്തിലായിരുന്നു. മറ്റൊരു ധനകാര്യ സ്ഥാപനവുമായുള്ള ഇടപാടില്‍ അക്കൗണ്ടില്‍ കാശില്ലാതെ ചെക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് തുക അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത്. ഇക്കാര്യം ഇയാളോട് പറഞ്ഞെങ്കിലും രോഷാകുലനായി ജീവനക്കാരോട് കയര്‍ക്കുകയായിരുന്നുവത്രെ. പിന്നീട് പുറത്തിറങ്ങിയ ഇയാള്‍ സമീപത്തെ എ.ടി.എം കൗണ്ടറിലേക്ക് ചൈനീസ് പടക്കം കത്തിച്ച് എറിയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇയാള്‍ എ.ടി.എമ്മിനകത്ത് കയറി പുറത്തിറങ്ങി നിന്നതിന് ശേഷം കയ്യിലിരുന്ന വസ്തു അകത്തേക്ക് എറിയുകയും സെക്കന്‍ഡുകള്‍ക്കകം പൊട്ടിത്തെറിക്കുന്നതും വ്യക്തമാണ്. തൃശൂര്‍ ഈസ്റ്റ് പൊലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട രജീഷിനായി ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Story Highlights: young man threw firecrackers at the ATM counter Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here