Advertisement

ജസ്ന ടീ ഷോപ്പിലെ സ്ഥിരം പറ്റുകാരനായ കുടംപുളി സുരേഷ്, ഭക്ഷണം കഞ്ഞിയും ചായയും; മലയോര കർഷകരെ പിഴിഞ്ഞെടുത്ത കൈക്കൂലിക്കാരൻ

June 17, 2023
2 minutes Read
Palakkayam village assistant Suresh Kumar suspended in bribery case

പണത്തിന് പുറമേ കുടം പുളി മുതൽ ജാതിക്ക വരെ കൈക്കൂലിയായി വാങ്ങിയിരുന്ന സർക്കാർ ജീവനക്കാരൻ വി. സുരേഷ് കുമാറിന്റെ ജീവിതരീതി വളരെ കൗതുകമുണർത്തുന്നതാണ്. ( Palakkayam village assistant Suresh Kumar suspended in bribery case )

രാവിലെ 9.15ന് മണ്ണാർക്കാടെത്തുന്ന സിനി ട്രാവൽസ് എന്ന പേരിലുള്ള പ്രൈവറ്റ് ബസിലായിരുന്നു വില്ലേജ് ഓഫീസിലേക്കുള്ള സുരേഷിന്റെ പ്രതീക്ഷാ നിർഭരമായ യാത്ര. പാലക്കയം – മണ്ണാർക്കാട് – മൈലാപ്പാറ റൂട്ടിലോടുന്ന മദീന ബസിലായിരുന്നു വില്ലേജ് ഓഫീസിൽ നിന്നും തിരികെ ചാരിതാർഥ്യത്തോടെയുള്ള അയാളുടെ മടക്ക യാത്ര.

കൈയ്യിൽ ലക്ഷക്കണക്കിന് രൂപയുണ്ടെങ്കിലും അത്യാവശ്യ ഘട്ടത്തിൽ ഒരു ഓട്ടോറിക്ഷ പോലും വിളിക്കാൻ സുരേഷ് കുമാർ തയ്യാറാവില്ല. എല്ലാ ദിവസവും ബസിൽ തന്നെയാണ് അയാളുടെ യാത്ര. ബസിലുള്ള യാത്രക്കാരോടോ, തന്റെ സഹപ്രവർത്തകരോടോ പോലും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു സുരേഷിന്റേത്. സഹപ്രവർത്തകരോട് ഒന്നിച്ച് ഇയാൾ അധികം യാത്ര ചെയ്യാറേയില്ല. പാലക്കയത്തെ ജസ്ന ടീ ഷോപ്പിൽ നിന്നുള്ള ചായയും കടിയും മാത്രമാണ് മിക്കപ്പോഴും സുരേഷിന്റെ പ്രഭാത ഭക്ഷണം.

കൈക്കൂലി പറ്റിക്കഴിഞ്ഞാൽ ആത്മാർത്ഥതയുടെ കാര്യത്തിൽ സുരേഷ് കണിശക്കാരനായി മാറും. വളരെ തിരക്ക് പിടിച്ച ഡ്യൂട്ടിക്കിടയിൽ ശരിക്ക് ഭക്ഷണം കഴിക്കാനൊന്നും അയാൾക്ക് സമയം കിട്ടാറില്ലെന്നതാണ് യാഥാർത്ഥ്യം. ഉച്ചയ്ക്ക് ഊണിന് പകരം, ജസ്ന ടീ ഷോപ്പിൽ നിന്നുള്ള കഞ്ഞിയാണ് കുടിക്കാറ്. രുചികരമായ ഭക്ഷണം കഴിക്കുന്നതിലോ, ഭേദപ്പെട്ട ജീവിത സൗകര്യങ്ങളിലോ ഒന്നും സുരേഷിന് യാതൊരു താൽപ്പര്യവുമുണ്ടായിരുന്നില്ല.

ഒരു ഭാഗത്ത് വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുമ്പോൾ മറുഭാഗത്ത് സുരേഷ് കുമാർ മലയോര കർഷകരെ പിഴിഞ്ഞെടുക്കുകയായിരുന്നു. പട്ടയം കിട്ടാനും നഷ്ടപരിഹാരം ലഭിക്കാനുമെല്ലാം പണം കൊടുത്തേ തീരൂ. വില്ലേജ് ഓഫീസർ മുതൽ താഴേത്തട്ടിലേയ്ക്കും മുകൾ തട്ടിലേയ്ക്കുമുള്ള ഉദ്യോഗസ്ഥർക്കെല്ലാം കൈക്കൂലിയുടെ വിഹിതം നൽകേണ്ടതുണ്ടെന്ന് പറഞ്ഞാണ് ഇയാൾ വില്ലേജ് ഓഫീസിലെത്തുന്ന സാധാരണക്കാരിൽ നിന്ന് വലിയ തുകകൾ വാങ്ങിയിരുന്നത്.

പ്രളയ സമയത്ത് തച്ചമ്പാറ ഗ്രാമ പഞ്ചായത്തിലെ 8, 9 വാർഡുകളിൽ താമസിക്കുന്നവരുടെ വീടുകൾക്ക് കേട്പാട് സംഭവിക്കുകയും ഭൂമി ഇടിഞ്ഞു താഴുകയുമൊക്കെ ചെയ്തിരുന്നു. പിന്നീട് ജിയോളജിക്കൽ മാപ്പിംഗ് അനുസരിച്ച് ഇത് പരിസ്ഥിതി ദുർബല പ്രദേശമാണെന്ന് കണ്ടെത്തി. അങ്ങനെ അവിടെ താമസിക്കുന്ന 50ഓളം പേർക്ക് പുരനധിവാസത്തിനായി റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വീതം ധനസഹായവും അനുവദിച്ചു.

കടത്തിൽ ജനിക്കുകയും കടത്തിൽ ജീവിക്കുകയും ചെയ്യുന്ന മലയോര കർഷകർക്ക് സർക്കാർ നൽകുന്ന ഈ സംഖ്യ വലിയൊരു ആശ്വാസമായിരുന്നു. ഈ തുക കാലതാമസം കൂടാതെ കിട്ടാനായി കർഷകരിൽ നിന്ന് വൻ തുകകളാണ് സുരേഷ് കൈപ്പറ്റിയിരുന്നത്. ഏകദേശം 10000 രൂപ മുതൽ 30000 വരെ ഇവരിൽ പലരിൽ നിന്നും ഇയാൾ കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് നാട്ടുകാർ ഇപ്പോൾ വെളിപ്പെടുത്തുന്നത്.

കൈക്കൂലി കേസിൽ ജയിലിൽ കഴിയുന്ന സുരേഷ് കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റവന്യുമന്ത്രി കെ. രാജൻ അംഗീകരിച്ചതോടെ സസ്പെൻഷൻ ഏറക്കുറേ ഉറപ്പായെന്ന് തന്നെ പറയാം. ജനങ്ങളിൽനിന്നു കൈക്കൂലി ചോദിച്ചു വാങ്ങിയിരുന്നെന്നും കാര്യങ്ങൾ ചെയ്യുന്നതിൽ മറ്റ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നെന്നുമാണ് സുരേഷ് കുമാർ വിജിലൻസിനു മൊഴി നൽകിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top